പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഒമ്പത് ബസ് യാത്രക്കാരെ തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ക്വറ്റയിൽ നിന്ന് ലാഹോറിലേക്ക് പോകുകയായിരുന്ന യാത്രാ ബസ് തടഞ്ഞു നിർത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം തട്ടിക്കൊണ്ടു പോയി ആക്രമണം നടത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം ഒന്നിലധികം ബസുകളിൽ നിന്നുള്ള യാത്രക്കാരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയതെന്നാണ്  അധികൃതർ വ്യക്തമാക്കിയത്. യാത്രക്കാരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിലാണ് കാണപ്പെട്ടത്.  എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ ബലൂച് വിഘടനവാദികളാണെന്നാണ് അധികൃതർ സംശയിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് ബലൂച് തീവ്രവാദികൾ മുമ്പ് സമാനമായ അക്രമങ്ങൾ നടത്തിയിട്ടുണ്ട്.