മഞ്ഞുമ്മൽ ബോയ്സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിലെ പരാതിക്കാരന് ലാഭവിഹിതം നൽകാൻ തങ്ങൾ തയ്യാറായിരുന്നുവെന്ന് നടനും നിർമാതാവുമായ സൗബിൻ ഷാഹിർ. കണക്കുകൾ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ഇനി നിയമപരമായി തന്നെ തീരുമാനിക്കട്ടെയെന്നും സൗബിൻ പ്രതികരിച്ചു.

കേസിൽ ചോദ്യംചെയ്യലിന് മരട് പോലീസിന് മുന്നിൽ രണ്ടാംദിവസവും സൗബിൻ ഹാജരായി. മൊഴി നൽകാൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് സൗബിൻ ഇക്കാര്യം വ്യക്തമാക്കിയത്.

‘മുതൽ മൊത്തം കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള കണക്കിന്റെ കാര്യങ്ങളാണ് നോക്കുന്നത്. അവര് പറയുന്നതിൽ കറക്ട് നമ്മൾ കൊടുക്കാൻ തയ്യാറാണ്. പക്ഷേ, അവര് പറയുന്ന കണക്കുകൾ കറക്ടല്ലല്ലോ?. ലാഭം മാറ്റിവെച്ചിട്ടുണ്ട്. കോടതിയിൽ അവരുപോയതല്ലേ. അവരായിട്ട് തീരുമാനിക്കട്ടേ. കണക്കുകളുണ്ട്. എല്ലാവരുടേയും കൂടെ സഹകരിക്കാൻ ഞങ്ങൾ തയ്യറാണ്. അപ്പോൾ അവര് തീരുമാനിക്കട്ടേ’, സൗബിൻ പ്രതികരിച്ചു.

സിനിമയ്ക്കായി ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും പണവും നൽകിയില്ലെന്ന് ആരോപിച്ചാണ് അരൂർ സ്വദേശി സിറാജ് വലിയതുറ ഹമീദ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ മരട് പോലീസ് കേസെടുത്തു. സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ. നിർമാതാക്കൾ നടത്തിയത് ഗുരുതര സാമ്പത്തിക തട്ടിപ്പാണെന്ന് കാണിച്ച് മരട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

നിർമാണത്തിനായി സിറാജ് ഏഴുകോടി നൽകി. 50 ലക്ഷം മാത്രമാണ് തിരികെ നൽകിയത്. തീയേറ്റർ, ഒടിടി, സാറ്റലൈറ്റ് തുടങ്ങിയവ വഴി ലഭിക്കുന്ന വരുമാനത്തിന്റെ 40% നൽകാമെന്നായിരുന്നു കരാർ. ഇത് പാലിച്ചില്ല. ഇതുമൂലം സിറാജിന് 47 കോടിയുടെ നഷ്ടമുണ്ടായെന്നും പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

വിതരണക്കാർ സമർപ്പിച്ച കണക്കുപ്രകാരം ‘മഞ്ഞുമ്മൽ ബോയ്സ്’ ഇന്ത്യയിലെ തിയേറ്ററുകളിൽനിന്ന് നേടിയത് 140,89,28,690 രൂപയും ലാഭം 45,30,25,193 രൂപയുമാണ്. ഒ.ടി.ടി, സാറ്റലൈറ്റ്, ഓവർസീസ് അവകാശം, മ്യൂസിക്കൽ റൈറ്റ്സ്, ഡബ്ബിങ് എന്നിവയിലൂടെ 96 കോടിയും കിട്ടി. ചിത്രത്തിന്റെ ആകെ നിർമാണച്ചെലവ് 17.95 കോടിയാണ്. 22 കോടിയായിയെന്ന് നിർമാതാക്കൾ പറയുന്നത് ശരിയല്ല. ചിത്രത്തിനുവേണ്ടി മുടക്കിയ പണവും ലാഭവിഹിതവും കിട്ടാത്തതിനാൽ സിറാജിന്റെ സമുദ്രോത്പന്നവ്യാപാരം തകർന്നെന്നും അർബുദരോഗചികിത്സയെ ബാധിച്ചെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.