ഹൈപ്പർസോണിക് റോക്കറ്റ് ഉപയോഗിച്ചുള്ള കാർഗോ വിതരണം പരീക്ഷിക്കാൻ ലക്ഷ്യമിട്ട് ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവെച്ച് യുഎസ് എയർഫോഴ്സ്. പസഫിക് വന്യജീവി സങ്കേതമായ ജോൺസ്റ്റൺ അറ്റോളിൽ നിന്ന് പരീക്ഷണം നടത്താനായിരുന്നു നീക്കം. എന്നാൽ നിരവധി കടൽ പക്ഷികൾക്ക് ഈ പരീക്ഷണം അപകടമുണ്ടാക്കുമെന്ന് ജീവശാസ്ത്രജ്ഞരും വിദഗ്ധരുമടക്കം മുന്നറിയിപ്പ് നൽകി. സ്പേസ് എക്സ് വികസിപ്പിച്ചെടുത്തവ പോലുള്ള വാണിജ്യ റോക്കറ്റുകൾ ഉപയോഗിച്ച് ഏകദേശം 90 മിനിറ്റിനുള്ളിൽ ഭൂമിയിലെവിടെയും 100 ടൺ വരെ കാർഗോ എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ പരീക്ഷണങ്ങൾ നടത്താനായിരുന്നു നീക്കം.

ഭൂമിയിലെ ഏത് വിദൂര പ്രദേശങ്ങളിലേക്കും സൈനിക ഉപകരണങ്ങളും ആയുധങ്ങളമടക്കം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എത്തിക്കാൻ കഴിയുന്ന തരത്തിലേക്ക് മുന്നേറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരീക്ഷണം. അതിനാൽ നിലവിലെ സൈനിക നീക്കങ്ങളിൽ വലിയ മാറ്റമുണ്ടാക്കാൻ പരീക്ഷണം വഴിതെളിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഈ പദ്ധതിക്കായി എയർഫോഴ്സ് ഇപ്പോൾ മറ്റുസ്ഥലങ്ങൾ തേടുകയാണെന്നാണ് ഉന്നത വൃത്തങ്ങളിൽനിന്നുള്ള വിവരം. പദ്ധതിയുടെ പരിസ്ഥിതി ആഘാതം വിലയിരുത്താനും നീക്കങ്ങൾ നടക്കുന്നുണ്ട്. അതിനിടെ സഹകരണം നിർത്തിവെക്കുന്നത് സംബന്ധിച്ച വാർത്തകളോട് യു.എസ് എയർഫോഴ്സോ സ്പേസ് എക്സോ പ്രതികരിച്ചില്ല.

2.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ജോൺസ്റ്റൺ അറ്റോളിൽ 14 ഇനം ഉഷ്ണമേഖലാ പക്ഷികളുണ്ട്. ഈ പദ്ധതി അവയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ജീവശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിരുന്നു. എന്നാൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ഇത്തരം പ്രശ്നങ്ങൾ സ്പേസ് എക്സിനെ സംബന്ധിച്ച് പുത്തരിയല്ല. കഴിഞ്ഞ വർഷം ടെക്സസിലെ ബൊക്കാ ചിക്കയിൽ നടന്ന ഒരു സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണം സംരക്ഷിത പ്ലോവർ തീരദേശ പക്ഷികളുടെ കൂടുകളും മുട്ടകളും നശിപ്പിച്ചിരുന്നു. ഇത് നിയമപരമായ പ്രശ്നങ്ങളിലേക്ക് നയിച്ചു. ഈ സംഭവത്തെത്തുടർന്ന് പ്രായശ്ചിത്തമായി താൻ ഒരാഴ്ചത്തേക്ക് ഓംലെറ്റ് കഴിക്കില്ല എന്ന് ഇലോൺ മസ്ക് അന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കമ്പനിയുടെ പ്രവർത്തനങ്ങളെ ചുറ്റിപ്പറ്റിയുള്ള പാരിസ്ഥിതിക വിവാദങ്ങളിലേക്ക് ഈ പരാമർശം ശ്രദ്ധ ആകർഷിച്ചിരുന്നു. സ്പേസ് എക്സ് വിക്ഷേപണത്തിന്റെ പാരിസ്ഥിതിക ആഘാതം വ്യക്തമാക്കിക്കൊണ്ട് ഒരു പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയായാണ് ഈ പ്രതിജ്ഞയെടുത്തത്.