2018-ൽ തിയേറ്ററിലെത്തിയ ആമിർ ഖാൻ ചിത്രമാണ് ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’. ബോക്സോഫീസിൽ ഈ ചിത്രം വൻപരാജയമായി. സിനിമയിൽ തന്റെ നായികയായി ഫാത്തിമ സന ഷെയ്ഖിനെ തിരഞ്ഞെടുത്തതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയാണ് ആമിർ ഖാൻ. ദീപിക പദുക്കോൺ, ആലിയ ഭട്ട് തുടങ്ങിയ മുൻനിര നായികമാരെല്ലാം ഈ പ്രൊജക്റ്റ് നിരസിച്ചുവെന്നും തുടർന്ന് നിർമാതാവ് ആദിത്യ ചോപ്രയും സംവിധായകൻ വിജയ് കൃഷ്ണയും ഫാത്തിമ സന ഷെയ്ഖിനെ നിർദേശിക്കുകായിരുന്നുവെന്നും ആമിർ ഖാൻ പറയുന്നു.

രണ്ട് വർഷം മുമ്പ് മാത്രം ദംഗലിൽ താനും ഫാത്തിമ സന ഷെയ്ഖും അച്ഛനും മകളുമായി അഭിനയിച്ചത് ആദിത്യ ചോപ്രയ്ക്കും വിജയ് കൃഷ്ണയ്ക്കും ഒരു പ്രശ്നമായിരുന്നുവെന്നും ആമിർ ‘ലല്ലൻടോപ്പി’ന് നൽകിയ അഭിമുഖത്തിൽ പറയുന്നു. താൻ ഇതിലൊന്നും വിശ്വസിക്കുന്നില്ലെന്നും യഥാർഥ ജീവിതമല്ലെന്നും സിനിമയാണ് ചെയ്യുന്നതെന്നും ഓർമ വേണമെന്നാണ് ഇരുവർക്കും മറുപടി നൽകിയതെന്നും ആമിർ കൂട്ടിച്ചേർക്കുന്നു. 

‘അന്ന് ആദിക്കും വിക്ടറി (വിജയ് കൃഷ്ണ) നും ഇതൊരു വലിയ തലവേദനയായിരുന്നു. ആ സിനിമയ്ക്ക് ഒരു നായികയും സമ്മതം മൂളിയില്ല. ദീപിക, ആലിയ, ശ്രദ്ധ എല്ലാവരും വേണ്ടെന്ന് പറഞ്ഞു. ‘അവസാനം, വിക്ടർ ഫാത്തിമയുമായി മുന്നോട്ട് പോയി. വിക്ടറും ആദിയും പറഞ്ഞു, ‘ഫാത്തിമയുടെ ടെസ്റ്റ് നല്ലതാണ്, നമുക്ക് അവളെ എടുക്കാം, പക്ഷേ നിങ്ങളോടൊപ്പം പ്രണയരംഗങ്ങൾ ഉണ്ടാകില്ല. കാരണം അവൾ ആ സിനിമയിൽ (ദംഗൽ) നിങ്ങളുടെ മകളാണ്. ഈ സിനിമയിൽ അവൾ എങ്ങനെ നിങ്ങളുടെ കാമുകിയാകും? പ്രേക്ഷകർ അത് തള്ളിക്കളയും.’ ഇവരുടെ ഈ വാദം എനിക്ക് അംഗീകരിക്കാൻ പറ്റുമായിരുന്നില്ല. ‘ഇതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ അവളുടെ അച്ഛനുമല്ല, അവളുടെ കാമുകനുമല്ല. നമ്മൾ സിനിമ ചെയ്യുകയാണ് സഹോദരാ…’ എന്ന് ഞാൻ അവർ രണ്ട് പേർക്കും മറുപടി നൽകി.’-ആമിർ പറയുന്നു.

അമിതാഭ് ബച്ചനും രാഖിയും വിവിധ സിനിമകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളേയും ആമിർ പരാമർശിച്ചു. ‘ബച്ചൻ രാഖിയുടെ കാമുകനായും മകനായും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വഹീദ (റഹ്മാൻ) ജിയ്ക്കൊപ്പവും ഇത്തരത്തിൽ അഭിനയിച്ചിട്ടുണ്ട്. ആദിയും വിക്ടറുമൊക്കെ പറയുന്നതുപോലെ പറഞ്ഞാൽ നമ്മൾ പ്രേക്ഷകരെ കുറച്ചുകാണുന്നതിന് തുല്ല്യമാണ്.’ – ആമിർ അഭിമുഖത്തിൽ പറയുന്നു.

സിനിമ പൂർത്തിയായപ്പോൾ വിജയ് കൃഷ്ണയ്ക്കും ആദിത്യ ചോപ്രയ്ക്കും ഇഷ്ടപ്പെട്ടുവെന്നും എന്നാൽ തനിക്ക് ഒട്ടും തൃപ്തി വന്നില്ലെന്നും ആമിർ കൂട്ടിച്ചേർക്കുന്നു. ‘സിനിമ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എനിക്കത് മനസ്സിലായില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ആദ്യം ഞാൻ തമാശ പറയുകയാണെന്ന് അവർ കരുതി. ഇത് ഒരു ദിവസം പോലും ഓടില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ ഞാൻ അതിൽ ഇടപെടുന്നത് അവർ ഇഷ്ടപ്പെട്ടില്ല. സിനിമയുടെ സംവിധായകനും നിർമ്മാതാവും അവരാണ്. അന്തിമ തീരുമാനം അവരുടേതാണ്.’- ആമിർ ഖാൻ പറയുന്നു.