തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35ബിയെ വച്ച് ടൂറിസം വകുപ്പ് വിനോദ സഞ്ചാര പരസ്യവുമായി രംഗത്തെത്തിയത് വൈറലായിരുന്നു. ഇപ്പോഴിതാ മിൽമയും ബ്രിട്ടീഷ് യുദ്ധവിമാനത്തെ വെച്ച് ചെയ്ത പരസ്യവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘അല്ലെങ്കിലും ഒരു കൂള്‍ ബ്രേക്ക് ആരാ ആഗ്രഹിക്കാത്തത്, എൻ’ജോയ്’ എന്നാണ് മിൽമയുടെ പരസ്യം. മിൽമയുടെ വിവിധ ഫ്ലേവറുകളിൽ ലഭിക്കുന്ന കൂൾ ഡ്രിംഗ്സ് ആണ് ‘ജോയ്’. തകരാറിലായ വിമാനത്തിനടുത്തിരുന്ന് പൈലറ്റ് ‘ജോയ്’ കുടിക്കുന്ന ചിത്രത്തോടെയാണ് മിൽമയുടെ പരസ്യം. ‘ഇപ്പ ശരിയാക്കിത്തരാം, ആ ചെറിയ ‘ജോയ്’ ഇങ്ങെടുത്തേ എന്ന ക്യാപ്ഷനോടെയെുള്ള പരസ്യവും വൈറലായിരിക്കുകയാണ്.
കേരളം അത്രയും മനോഹരമായ സ്ഥലമാണെന്നും തിരികെ പോവേണ്ടെന്നും എഫ് 35ബി വിമാനം കേരളത്തിന് റിവ്യൂ നൽകുന്ന രീതിയിലായിരുന്നു സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ പുതിയ പരസ്യം. വീണിടം വിദ്യയാക്കുന്ന മാർക്കറ്റിംഗ് സ്ട്രാറ്റജിയെന്ന പേരിലാണ് പരസ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെയും മിൽമയുടേയും പരസ്യത്തെ കൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ. കേരളം അതിമനോഹരം ഇവിടം വിട്ടുപോകാൻ തോന്നുന്നില്ല എന്ന തലക്കെട്ടോടെയായിരുന്നു കേരളാ ടൂറിസത്തിന്റെ സമൂഹമാധ്യമ പേജുകളിൽ പ്രത്യക്ഷപ്പെട്ട പരസ്യ വാചകം. മുതലെടുക്കണയാണാ സജീ എന്ന് ആരും ചോദിച്ചുപോകും. കേരളത്തിന്റെ വകയായി ഒരു ആയുർവേദ തിരുമ്മലും പിഴിച്ചിലും നടത്തി അവസാനം എഫ് 35 ബി ആകാശത്തേക്ക് പറക്കുന്നിടത്ത് പടം ഫിനിഷെന്നാണ് ആശംസ.
ഏകദേശം ആയിരം കോടിരൂപയ്ക്ക് അടുത്ത് വിലയുണ്ട്. റഡാറിൽ പതിയാതെ പറക്കാൻ കഴിയുന്ന അത്യാധുനിക വിമാനമെന്നാണ് എഫ് 35ബിയെക്കുറിച്ചുള്ള വാഴ്ത്ത്. പക്ഷേ പറഞ്ഞിട്ട് എന്താ കാര്യം. കേരളത്തില്‍ ലാന്‍ഡ് ചെയ്തതോടെ ലോകത്ത് മറ്റൊരു അഞ്ചാം തലമുറ യുദ്ധവിമാനത്തിനും നേരിടേണ്ടി വരാത്ത ട്രോളും ചുമന്ന് കിടക്കുകയാണ് ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബി. മഴയും വെയിലുമൊക്കെ കൊണ്ട് ഒരേ കിടപ്പ്. ഈ അവസ്ഥയില്‍ ആദ്യം ഏതോ ഒരു വിരുതന് എഫ് 35 ബിയെ എടുത്ത് ഒഎല്‍എക്സില്‍ ഇട്ടെന്നൊരു പ്രചാരണം എത്തി. പിന്നീട് അത് ട്രോളാണെന്ന് തെളിഞ്ഞെങ്കിലും അവിടെ തുടങ്ങിയ അപമാനം ഇപ്പോഴും തുടരുകയാണ്.