ഉത്തര കൊറിയയിലേക്ക് അരി, യു എസ് ഡോളർ ബില്ലുകൾ, ബൈബിൾ എന്നിവ നിറച്ച 1,600 പ്ലാസ്റ്റിക് കുപ്പികൾ കടൽമാർഗം അയയ്ക്കാൻ ശ്രമിച്ചതിന് ആറ് അമേരിക്കൻ പൗരന്മാർ ദക്ഷിണ കൊറിയയിൽ അറസ്റ്റിലായി. ജൂൺ 27 വെള്ളിയാഴ്ച ഗ്വാങ്‌വ ദ്വീപിൽ നിന്നാണ് ഇവരെ പിടികൂടിയത്. അവിടെവച്ചാണ് ഇവർ കുപ്പികൾ കടലിലേക്ക് എറിയാൻ ശ്രമിച്ചതെന്ന് റിപ്പോർട്ടുണ്ട്.
വേലിയേറ്റ പ്രവാഹങ്ങൾ വഴി ഉത്തര കൊറിയയുമായുള്ള സമുദ്രാതിർത്തിയിലൂടെ കണ്ടെയ്‌നറുകൾ ഒഴുക്കിവിടുകയായിരുന്നു അവരുടെ ഉദ്ദേശ്യം. പരസ്യമായി അഭിപ്രായം പറയാൻ അധികാരമില്ലാത്തതിനാൽ, പേര് വെളിപ്പെടുത്താതെ സംസാരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ, നിലവിൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണെന്നു പറഞ്ഞു. സുരക്ഷയും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ദക്ഷിണ കൊറിയയുടെ നിയമം ലംഘിച്ചുവെന്ന ആരോപണമാണ് അവർ നേരിടുന്നത്.
ആറുപേരിൽ ആരെങ്കിലും മുമ്പ് ഉത്തര കൊറിയയിലേക്ക് കുപ്പികൾ അയയ്ക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ നൽകിയില്ല. ഉത്തര കൊറിയയിൽ ക്രൈസ്തവവിശ്വാസം കടുത്ത നിയന്ത്രണങ്ങൾക്കു വിധേയമാണ്. കൂടാതെ, ക്രൈസ്തവർ വലിയ പീഡനങ്ങളും നേരിടുന്നു. കണക്കുകൾപ്രകാരം, വളരെ കുറഞ്ഞ എണ്ണം ക്രൈസ്തവർ മാത്രമാണ് ഇവിടെയുള്ളത്. അതും പുറത്തുപറയാൻ പറ്റാതെയാണ് അവർ ജീവിക്കുന്നതും ആരാധനകൾ നടത്തുന്നതും. ഭൂഗർഭ സഭാശൃംഖലയാണ് ഇവിടെയുള്ളത്. ലോകത്ത് ക്രൈസ്തവർ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാമതു നിൽക്കുന്നത് ഉത്തര കൊറിയയാണ്.



