വിശപ്പിനെ ‘യുദ്ധായുധമായി’ ഉപയോഗിക്കുന്നതിനെ അപലപിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ജൂൺ 28 മുതൽ ജൂലൈ നാലുവരെ റോമിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ് എ ഒ) 44-ാമത് സമ്മേളനത്തിനു നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ, പ്രത്യേകിച്ച് ലോകത്തിലെ ദരിദ്രർക്കായി സുപ്രധാന നടപടികൾ ഉണ്ടായിരുന്നിട്ടും 2030 ലെ ‘വിശപ്പ് ഇല്ലാതാക്കുക’ എന്ന ലക്ഷ്യത്തിലെത്താൻ യു എൻ വളരെ അകലെയാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. “യുദ്ധത്തിനുള്ള ആയുധമായി വിശപ്പിനെ അന്യായമായി ഉപയോഗിക്കുന്നത് നമ്മൾ ഇപ്പോൾ വേദനയോടെയാണ് കാണുന്നത്. ആളുകളെ പട്ടിണിക്കിട്ടു കൊല്ലുന്നത് യുദ്ധം നടത്തുന്നതിനുള്ള വളരെ വിലകുറഞ്ഞ ഒരു മാർഗമാണ്” – പാപ്പ സന്ദേശത്തിൽ പറഞ്ഞു.
ഭക്ഷണം അത്യാഗ്രഹത്തോടെ പൂഴ്ത്തിവയ്ക്കുകയും ഭൂമി നശിപ്പിക്കുകയും കന്നുകാലികളെ മോഷ്ടിക്കുകയും ദുരിതമനുഭവിക്കുന്നവർക്കും ആവശ്യമുള്ളവർക്കും മാനുഷികസഹായം തടയുകയും ചെയ്യുന്ന സായുധരായ സാധാരണക്കാരുടെ നടപടികളെയും പാപ്പ വിമർശിച്ചു. “അക്രമഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കാൻ കഴിയുന്നില്ല. പണപ്പെരുപ്പം കുതിച്ചുയരുന്നു” – പാപ്പ പറഞ്ഞു.