കൊച്ചി: എല്ലാവർക്കും തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി കൊച്ചിയിൽ മെഗാ തൊഴിൽമേള വരുന്നു. സ്കൈ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ മേള. ഓഗസ്റ്റിൽ കൊച്ചിയിൽ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. പബ്ലിക് സ്ക്വയർ മുഖാമുഖം പരിപാടിയുടെ ഭാഗമായി കുന്നുകര, കരുമാല്ലൂർ , ആലങ്ങാട് പഞ്ചായത്തുകളിലെ വിവിധ മേഖലയിലുള്ള വ്യക്തികളുമായി സംവദിക്കവെയാണ് മന്ത്രി തൊഴിൽമേളയെക്കുറിച്ച് പറഞ്ഞത്.

ഓഗസ്റ്റിൽ നടക്കുന്ന ഈ തൊഴിൽ മേളയിലൂടെ ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങളും മുഖാമുഖം പരിപാടിയിൽ ചർച്ചയായി.വിവിധ സ്ഥലങ്ങളിൽ പൊട്ടിക്കിടക്കുന്ന പൈപ്പുകൾ എത്രയും വേഗം ശരിയാക്കാനുള്ള നടപടികൾ വേഗം പൂർത്തീകരിക്കും.

കൃഷിക്ക് ഒപ്പം കളമശേരിയുടെ ഭാഗമായി ഫാമിൽ നിന്ന് നേരിട്ട് പച്ചക്കറി വീട്ടിലേക്ക് എത്തികുന്നതിന് എസി വാഹനം ലഭ്യമാകുന്നതിനുള്ള അനുമതി ആയിട്ടുണ്ട് . ഇടപ്പള്ളി സഹകരണ ബാങ്ക് പദ്ധതി ഏകോപിപ്പിക്കും. കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കുന്നതിൻ്റെ ഭാഗമായി ശീതീകരണ സംവിധാനം നടപ്പാകുന്നതിന് ഷിപ് യാർഡിൽ നിന്നും 2 കോടി രൂപയുടെ അനുമതി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

കുന്നുകരയിൽ 30 ഏക്കറിൽ കിൻഫ്ര ഫുഡ് പ്രോസസ്സിങ് പാർക്ക് നിർമിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫുഡ് പ്രോസസിങ് പാർക്ക് വരുന്നതോടെ കർഷകരുടെ ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കും. കളമശേരി എച്ച് എം ടി യിൽ ലുലു ഗ്രൂപ്പിന്റെ 500 കോടി മുതൽ മുടക്കുള്ള ഫുഡ് പ്രോസസിങ് പാർക്കിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കും