കൊച്ചി : കതൃക്കടവിലെ ബാറിൽ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേൽപിച്ചു. ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു സംഭവം. കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയൽ ബാറിൽ ഇന്നലെ രാത്രി പത്തരയോടെയാണു സംഘർഷമുണ്ടായത്. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തർക്കം സംഘർഷത്തിലെത്തുകയായിരുന്നു.
യുവാവുമായി തർക്കിച്ച യുവതി ബിയർ കുപ്പി പൊട്ടിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. ഉദയംപേരൂർ സ്വദേശിയായ ഇരുപത്തിയൊൻപതുകാരിയെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ബാർ ഹോട്ടലിൽ സംഘർഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടി. സംഭവം നടക്കുമ്പോൾ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെ ഇവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം.
നോർത്ത് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്. സംഭവത്തെ തുടർന്നു കതൃക്കടവ് –തമ്മനം റോഡിൽ ഗതാഗത തടസ്സമുണ്ടായി.



