തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ പ്രതിസന്ധി ആരോപണത്തിൽ വിശദീകരണവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ . രാഷ്ട്രീയ വിവാദം ഉണ്ടാക്കാൻ വേണ്ടിയല്ല താൻ പോസ്റ്റിട്ടത്. താൻ പറഞ്ഞ കാര്യങ്ങളെല്ലാം പരമാർഥമാണ്. ആരോഗ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ അറിയാമോ എന്ന് അറിയില്ല. തൻ്റെ മേലധികാരികളെ വിഷയം കൃത്യമായി അറിയിച്ചിരുന്നുവെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര ചികിത്സാ പ്രതിസന്ധി നേരിടുന്നുവെന്നായിരുന്നു ഡോ. ഹാരിസ് ചിറയ്ക്കലിൻ്റെ വെളിപ്പെടുത്തൽ.

ആരോഗ്യമന്ത്രിയുമായി നേരിട്ടു സംസാരിച്ചിട്ടില്ല. വിഷയം ഒരു വർഷം മുൻപ് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയെ അറിയിച്ചിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനൊപ്പമാണ് പേഴ്സണൽ സെക്രട്ടറിയെ കണ്ടത്. പേഴ്സണൽ സെക്രട്ടറി തൻ്റെ സാന്നിധ്യത്തിൽ സൂപ്രണ്ടിനെ വിളിച്ചു പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഒരുതരത്തിലുള്ള ഫോളോഅപ്പും ഉണ്ടായിട്ടില്ലെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.

താൻ റിപ്പോർട്ട് ചെയ്യുന്ന അധികാരികൾ ഇക്കാര്യം മേലധികാരുടെ ശ്രദ്ധയിൽപെടുത്താതെ മൂടിവെക്കുകയാണോ എന്ന് സംശയമുണ്ട്. അവർ കുഴപ്പമില്ല എന്ന തരത്തിൽ മുകളിലേക്ക് അറിയിക്കുകയാണ് ചെയ്യുന്നത്. യൂറോളജിയിൽ മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും പ്രശ്നങ്ങളുണ്ട്. ഭയം കാരണമാകാം ആരും തുറന്നുപറയാത്തത്. രോഗികളുടെ ബുദ്ധിമുട്ട് കണ്ടതുകൊണ്ടാണ് താൻ തുറന്നുപറഞ്ഞത്. താൻ ഒറ്റപ്പെടുമെന്ന ഭയമില്ലെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.