ബഹിരാകാശത്തേക്ക് ക്യാരറ്റ് ഹൽവയും മാമ്പഴ ജ്യൂസും അടക്കം കൊണ്ടുവന്നതായി വെളിപ്പെടുത്തി അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് ശുക്ല ഇക്കാര്യം പറഞ്ഞത്. പരമ്പരാഗത ഇന്ത്യൻ മധുരപലഹാരങ്ങൾ സഹ ബഹിരാകാശയാത്രികർക്ക് നൽകി സത്കരിച്ചതായും അദ്ദേഹം പറഞ്ഞു.

“ഇന്ന് നിങ്ങൾ ഞങ്ങളുടെ മാതൃരാജ്യത്തിൽ നിന്ന് അകലെയാണ്, പക്ഷേ നിങ്ങൾ ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്തയാളാണ്… നിങ്ങളുടെ പേരിൻ്റെ അർത്ഥം ശുഭകരമെന്നാണെന്നും ഈ യാത്ര ഒരു പുതിയ യുഗത്തിൻ്റെ തുടക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

“ഇപ്പോൾ നമ്മൾ സംസാരിക്കുമ്പോൾ, 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങൾ നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും ആവേശം, അഭിമാനം, പ്രതീക്ഷകൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിയായാണ് ഞാൻ ഇവിടെ നിൽക്കുന്നത്. നമ്മുടെ ദേശീയ പതാക ബഹിരാകാശത്തേക്ക് കൊണ്ടുപോകുമ്പോൾ, എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുകയും നിങ്ങളുടെ ദൗത്യത്തിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.