വാഷിംങ്ടൺ: കാനഡയുമായി എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ടെക്നോളജി കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. കാനഡയുടെ നീക്കത്തിൽ യുഎസ് ടെക്ക് കമ്പനികൾക്ക് 3 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടർന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

ക്ഷീരോൽപ്പന്നങ്ങൾക്ക് വർഷങ്ങളായി 400% വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോൾ അമേരിക്കൻ ടെക്നോളജി കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്നവുമായ ആക്രമണമാണ്.

സമാനമായി നികുതി ഈടാക്കുന്ന യൂറോപ്യൻ യൂണിയനെ അവർ അനുകരിക്കുകയാണ്. യൂറോപ്യൻ യൂണിയൻ നിലവിൽ തങ്ങളുമായി ചർച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തിൽ, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളും ഞങ്ങൾ ഇതിനാൽ അവസാനിപ്പിക്കുന്നു”, ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. അമേരിക്കയുമായ വ്യാപാരത്തിന് നൽകേണ്ടിവരുന്ന തീരുവ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ കാനഡയെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.