ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലിന് ചോര്‍ച്ച. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെര്‍മല്‍ സ്‌കാനിങില്‍ ആണ് താജ് മഹലിന്റെ താഴികക്കുടത്തില്‍ ചോര്‍ച്ച കണ്ടെത്തിയത്. 73 മീറ്റര്‍ ഉയരത്തില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്.

ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. ആറുമാസമെങ്കിലും വേണ്ടിവരും പണി പൂര്‍ത്തിയാകാന്‍ എന്നാണ് നിഗമനം. നിലവില്‍ താഴികക്കുടത്തിന് ബലക്ഷയം സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എഎസ്‌ഐ അറിയിച്ചു.

താജ് മഹലിന്റെ പ്രധാന താഴികക്കുടത്തിലെ കല്ലുകളെ യോജിപ്പിക്കുന്ന കുമ്മായം നഷ്ടപ്പെട്ടതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാധമിക നിഗമനം. താഴികക്കുടത്തിന്റെ മേല്‍ക്കൂരയുടെ വാതിലും തറയും ദുര്‍ബലമായിട്ടുണ്ട്. താഴികക്കുടത്തിനെ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് നിര്‍മിതിയുടെ സമ്മര്‍ദം മൂലം കുമ്മായത്തിന് ഇളക്കമുണ്ടായതും ചോര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ടെന്നുമാണ് ലൈറ്റ് ഡിറ്റക്ഷന്‍ പരിശോധനയിലെ വിലയിരുത്തല്‍.

ലൈറ്റ് ഡിറ്റക്ഷന്‍ പരിശോധനകള്‍ ഏതാണ്ട് പൂര്‍ത്തിയായതായും, തുടര്‍ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അറ്റകുപണി ആരംഭിക്കുമെന്നും താജ് മഹലിന്റെ സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പ്രിന്‍സ് വാജ്പേയ് അറിയിച്ചു.അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മാസമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു