പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് യുവതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും ശങ്കർ പള്ളിയില്‍ റെയില്‍വേ ട്രാക്കിലൂടെ ഒരു കാർ നല്ല വേഗതയില്‍ ഓടിച്ചുപോകുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയത്. ആ സമയം നിരവധി ട്രെയിനുകള്‍ ആ സ്ഥലത്ത് കൂടെ സർവീസ് നടത്താൻ ഉണ്ടായിരുന്നു. അത് ഉദ്യോഗസ്ഥരെ കൂടുതല്‍ ആശങ്കയിലാക്കി.
ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് കാർ നിർത്തിച്ച് ട്രാക്കില്‍ നിന്ന് മാറ്റാൻ ശ്രമം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. ആ സമയത്താണ് കാർ ഓടിച്ചത് സ്ത്രീയാണെന്ന് ഉദ്യോഗസ്ഥർക്ക് മനസിലാകുന്നത്. ഇതിനിടെ താല്‍ക്കാലികമായി അതുവഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെയ്ക്കുകയായിരുന്നു. ഒടുവില്‍ വഴിതടഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥർ കാർ നിറുത്തിക്കുകയായിരുന്നു.
അതിനിടെ കാർ മാറ്റാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് അടുത്തുള്ള മരത്തില്‍ ഇടിച്ചു. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മദ്യലഹരിയില്‍ അപകടകരമായി കാർ ഓടിച്ചതിനും റെയില്‍വേ ട്രാക്കില്‍ അതിക്രമിച്ചുകയറി സർവീസുകള്‍ തടസപ്പെടുത്തിയതിനും വസ്തുവകള്‍ക്ക് നാശംവരുത്തിയതിനും യുവതിക്കെതിരെ കേസെടുക്കുമെന്നാണ് റെയില്‍വേ അധികൃതർ അറിയിച്ചിരിക്കുന്നത്.