വാഷിങ്ടൺ ഡി.സി: ഇസ്രായേലിന്‍റെ യുദ്ധവെറിക്ക് യു.എസും പിന്തുണ നൽകി അണിനിരക്കുന്നതിൽ കടുത്ത വിമർശനവുമായി മുതിർന്ന സെനറ്റർ ബേണി സാൻഡേഴ്സ്. നെതന്യാഹു അല്ല യു.എസ് പ്രസിഡന്‍റെന്നും യു.എസിന്‍റെ വിദേശ, സൈനിക നയങ്ങൾ നെതന്യാഹു തീരുമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘നെതന്യാഹു അല്ല യു.എസ് പ്രസിഡന്‍റ്. യു.എസിന്‍റെ വിദേശ, സൈനിക നയങ്ങൾ നെതന്യാഹു തീരുമാനിക്കരുത്. ഇറാനെതിരെയുള്ള യുദ്ധത്തിന് ഇസ്രായേലിലെ ജനങ്ങൾ നെതന്യാഹുവിനെ പിന്തുണക്കുന്നുണ്ടെങ്കിൽ, അത് അവരുടെ കാര്യവും അവരുടെ യുദ്ധവുമാണ്. യു.എസ് അതിന്‍റെ ഭാഗമാകരുത്’ -ഡെമോക്രാറ്റുകളുമായി സഹകരിക്കുന്ന വെർമോണ്ടിൽ നിന്നുള്ള സ്വതന്ത്ര സെനറ്ററായ സാൻഡേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.

ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് പ്രസിഡന്‍റ് ട്രംപിനെ തടയുന്നതിനായി ബേണി സാൻഡേഴ്സ് ബിൽ അവതരിപ്പിച്ചിരുന്നു. സാൻഡേഴ്സിന്‍റെ ‘നോ വാർ എഗയിൻസ്റ്റ് ഇറാൻ ആക്ട്’ ഫെഡറൽ ഫണ്ടുകൾ യു.എസ് കോൺഗ്രസിന്‍റെ അനുമതിയില്ലാതെ ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് ഉപയോഗിക്കുന്നത് തടയുന്നതാണ്.

ഇറാനെതിരെ ഇസ്രായേൽ തുടങ്ങിവെച്ച യുദ്ധത്തിൽ യു.എസും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാനെ ആക്രമിക്കുന്നതിന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയെന്നും അന്തിമ ഉത്തരവ് ഇറക്കിയില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്‍റെ ആവശ്യം ഇറാൻ തള്ളിയിരുന്നു. ഇറാനെ ആക്രമിക്കുമോ​യെന്ന ചോദ്യത്തിന് ചിലപ്പോൾ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അടുത്ത ഒരാഴ്ചക്കുള്ളിൽ വലിയ കാര്യം സംഭവിക്കുമെന്നും ട്രംപ് പറഞ്ഞിരിക്കുകയാണ്.

എന്നാൽ, ഒരു തരത്തിലുള്ള ഭീഷണിയും വേണ്ടെന്നാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ ട്രംപിന് മറുപടി നൽകിയത്. യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടൽ പരിഹരിക്കാന്‍പറ്റാത്ത ദോഷത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് യുദ്ധത്തിനൊരുങ്ങുമ്പോഴും ട്രംപിന്റെ അനുയായികളായ ഭൂരിപക്ഷം പേർക്കും അമേരിക്ക ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ ഇടപെടുന്നതിൽ താൽപര്യമില്ലെന്നാണ് അഭിപ്രായ സർവേഫലം. ഇക്കണോമിസ്റ്റ്​/യുഗോവ് പോളും നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 2024ൽ ട്രംപിനെ പിന്തുണച്ച 53 ശതമാനം പേർക്കും യു.എസ് ഇറാനെ ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് സർവേ വ്യക്തമാക്കുന്നു.