ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യശാസനവുമായി ഇസ്രയേന്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ആയത്തുള്ള ഖമേനിക്ക് അധികനാള്‍ ഇത്തരത്തില്‍ നിലനില്‍ക്കാനാവില്ലെന്ന് കാറ്റ്‌സ് തുറന്നടിച്ചു. ആധുനിക കാലത്തെ ഹിറ്റ്‌ലറാണ് ഖമേനിയെന്ന് കാറ്റ്‌സ് ആഞ്ഞടിച്ചു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ ആശുപത്രിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
ഏകാധിപതിയെ പോലെ പെരുമാറുന്ന ഖമേനിയാണ് ഇറാനെ നയിക്കുന്നതെന്ന് കാറ്റ്‌സ് പറഞ്ഞു. ഇസ്രയേലിന്റെ നാശം ആഗ്രഹിക്കുന്ന ഖമേനിക്ക് അധികനാള്‍ നിലനില്‍ക്കാനാകില്ല. ഖമേനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേല്‍ പ്രതിരോധ സേന പര്യാപ്തമാണ്.
അവര്‍ക്ക് എല്ലാ വിധ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഖമേനിയെ കണ്ടെത്തി വകവരുത്താന്‍ അവര്‍ക്ക് സാധിക്കും. ഖമേനി തന്റെ ആശയങ്ങള്‍ ഇസ്രയേലിന്റെ നാശത്തിനായി വിനിയോഗിക്കുകയാണെന്നും കാറ്റ്‌സ് പ്രതികരിച്ചു. ഇസ്രയേലിന്റെ ആശുപത്രി ആക്രമിച്ച ഇറാന്‍ നടപടിക്ക് മാപ്പില്ലെന്ന് പറഞ്ഞ കാറ്റ്‌സ് ഇറാന്‍ നടത്തിയത് യുദ്ധക്കുറ്റമാണെന്നും ആഞ്ഞടിച്ചു.
ആയത്തുള്ള ഖമേനിക്കെതിരെ നിലപാട് കടുപ്പിച്ച് നേരത്തേയും കാറ്റ്‌സ് രംഗത്തെത്തിയിരുന്നു. ഖമേനിക്ക് സദ്ദാം ഹുസൈന്റെ വിധിയുണ്ടാകുമെന്നായിരുന്നു കാറ്റ്‌സ് നേരത്തെ പറഞ്ഞത്.