മലയാള സിനിമയിൽ നേരിട്ട അവഗണനകൾ തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. മലയാളത്തിൽ താൻ ഒരുപാട് അവഗണന നേരിട്ടെന്നും അഭിനയിക്കാൻ അറിയില്ലെന്ന അധിക്ഷേപം ഏറ്റുവാങ്ങിയെന്നും അനുപമ പറഞ്ഞു. സുരേഷ് ഗോപിയുമായി ഒന്നിക്കുന്ന ചിത്രം ‘ജെഎസ്കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അവർ. മലയാളത്തിൽനിന്ന് അവഗണ നേരിട്ട് മറ്റുഭാഷകളിൽ പോയി വിജയിച്ച നടിമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, അതുപോലെ അനുപമയുടെ കരിയറിലും സംഭവിക്കുമെന്ന് സുരേഷ് ഗോപി ആശംസിച്ചു.
‘ഒരുപാട് പേര് എന്നെ മലയാളത്തിൽ അവഗണിച്ചിരുന്നു. എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങി’, എന്നായിരുന്നു അനുപമയുടെ വാക്കുകൾ. ‘ട്രോളിക്കോളൂ പക്ഷേ, കൊല്ലരുത്’, എന്നും അവർ പ്രേക്ഷകരോട് അഭ്യർഥിച്ചിരുന്നു.
പിന്നാലെ വേദിയിൽ സംസാരിക്കവെയാണ് സുരേഷ് ഗോപി അനുപമയുടെ വാക്കുകളിൽ പ്രതികരിച്ചത്. ‘അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്… ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാൻ. ഒരുപാട് നമ്മൾ മലയാളം അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തിൽ നായികയായി വരാൻ അവരുടെ പിന്നാലെ നടന്ന വൻ സംവിധായകരെ എനിക്കറിയാം. അസിൻ, നയൻതാര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കർമ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാർഥനയുണ്ട്’, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.



