ഉപയോക്താക്കൾ ചോദിക്കുന്ന ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് എത്രത്തോളം വെള്ളമാണ് ? ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനാണ് ഇതുസംബന്ധിച്ച കൗതുകകരമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ ചാറ്റ് ജിപിടി ഏതാനും തുള്ളി വെള്ളം മാത്രമേ ഉപയോഗിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പാരിസ്ഥിതിക ചെലവ് സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്ന സമയത്താണ് ഈ വെളിപ്പെടുത്തൽ.

ഓരോ ചോദ്യവും ഏകദേശം 0.000085 ഗാലൺ വെള്ളം ഉപയോഗിക്കുന്നുണ്ടെന്ന് ഒരു ബ്ലോഗ് പോസ്റ്റിൽ ആൾട്ട്മാൻ പറയുന്നു. അത് ഏകദേശം ഒരു ടീസ്പൂൺ വെള്ളത്തിന്റെ പതിനഞ്ചിലൊന്ന് വരും എന്നാണ് സാം ആൾട്ട്മാന്റെ വെളിപ്പെടുത്തൽ. ചാറ്റ്ജിപിടി പോലുള്ള എഐ മോഡലുകൾ വലിയ സെർവർ ഫാമുകളിലാണ് പ്രവർത്തിക്കുന്നത്, അവ നിരന്തരം തണുപ്പിക്കേണ്ടതുണ്ട്. അതാണ് ജല ഉപയോഗത്തിന് ഇടയാക്കുന്നത്. ഈ വസ്തുതയാണ് ചാറ്റ് ജിപിടിയുടെ ജല ഉപയോഗം സംബന്ധിച്ച ചർച്ചകൾക്ക് വഴിതെളിക്കുന്നത്. ഈ സാഹചര്യത്തിലാണ് സാം ആൾട്ട്മാന്റെ വെളിപ്പെടുത്തൽ.

എന്നാൽ എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതല്ല അദ്ദേഹത്തിന്റെ മറുപടി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയും തെളിവുകളും വേണമെന്നാണ് ചില വിദഗ്ധർ ആവശ്യപ്പെടുന്നത്. എഐ ഡാറ്റാ സെന്ററുകളിൽ സൂക്ഷിച്ചിരിക്കുന്ന ശക്തമായ കമ്പ്യൂട്ടറുകൾ അമിതമായി ചൂടാകുന്നത് തടയാൻ കമ്പനികൾക്ക് കൂളിങ് സംവിധാനങ്ങളെ ആശ്രയിക്കാതെ തരമില്ല. അതുകൊണ്ടാണ് വെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നത്. സാങ്കേതികവിദ്യയുടെ സ്വാധീനം ദൈനംദിന ജീവിതത്തിൽ കൂടുതൽ ശക്തമാകുമ്പോൾ ഊർജ്ജത്തിനും കാർബൺ ബഹിർഗമനത്തിനും ഒപ്പം ജല ഉപയോഗവും സുസ്ഥിരതാ അവകാശവാദങ്ങളുടെ ഭാഗമാകുന്നു. ഓരോ ചാറ്റ്ജിപിടി ചോദ്യത്തിനും ഏകദേശം 0.34 വാട്ട്-അവർ വൈദ്യുതിയും ഏതാനും തുള്ളി വെള്ളവും ആവശ്യമാണെന്ന് ആൾട്ട്മാൻ പറയുന്നു. അത് ചെറുതായി തോന്നാമെങ്കിലും, ഓരോ ദിവസവും ദശലക്ഷക്കണക്കിന് ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ ജല ഉപയോഗമടക്കം വർധിക്കുന്നു. എന്നാൽ ഈ അളവ് എങ്ങനെ കണക്കാക്കി എന്ന് ഓപ്പൺഎഐ വിശദീകരിച്ചിട്ടില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.