ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ഉടമകള്‍. പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോയാണ് ഓഹരികള്‍ വില്‍ക്കുന്നത്. ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃ കമ്പനിയാണ് ഡിയാജിയോ. ആര്‍സിബി ഐപിഎല്‍ ജേതാക്കളായതിന് പിന്നാലെയാണ് കമ്പനിയുടെ നീക്കമെന്നതാണ് ശ്രദ്ധേയം.

ഏകദേശം 2 ബില്ല്യണ്‍ ഡോളറാണ് (ഏകദേശം 17,000 കോടി രൂപ) ഓഹരിമൂല്യമായി കമ്പനി തേടുന്നതെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ക്ലബ്ബിലുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഐപിഎല്ലില്‍ പുകയില, മദ്യ ബ്രാന്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് മദ്യ കമ്പനിയുടെ നീക്കം.

പ്രഥമസീസണില്‍ വ്യവസായി വിജയ് മല്യയാണ് ടീമിനെ സ്വന്തമാക്കിയത്. 11.1 കോടി ഡോളറിനാണ് മല്യ ആര്‍സിബിയെ സ്വന്തമാക്കിയത്. എന്നാല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയും മല്യയുടെ കടബാധ്യതയും ആര്‍സിബിയെ ഡിയാജിയോയുടെ കൈകളിലെത്തിക്കുകയായിരുന്നു.