ആര്‍സിബിയുടെ അനുമോദനച്ചടങ്ങ് വിധാന്‍ സൗധയില്‍ വെച്ച് നടത്താനുള്ള തീരുമാനമെടുത്തത് സംസ്ഥാന സര്‍ക്കാരെന്ന് രാജ്ഭവന്‍. പരിപാടി രാജ്ഭവനില്‍ വെച്ച് നടത്താനാണ് ആദ്യം തീരുമാനിച്ചതെന്നും എന്നാല്‍ കര്‍ണാടക സര്‍ക്കാരാണ് വിധാന്‍ സൗധയില്‍ വെച്ച് പരിപാടി നടത്താമെന്ന് അറിയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. 

ആര്‍സിബി താരങ്ങളെ രാജ് ഭവനിലേക്ക് ക്ഷണിക്കാനാണ് കര്‍ണാടക ഗവര്‍ണര്‍ ആദ്യം തീരുമാനിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പരിപാടി വിധാന്‍ സൗധയില്‍ വെച്ച് നടത്താമെന്ന് സര്‍ക്കാര്‍ രാജ് ഭവനെ അറിയിക്കുകയായിരുന്നു. പരിപാടിയിലേക്ക് ഗവര്‍ണറെ മുഖ്യമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചുവെന്നുമാണ് രാജ് ഭവന്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

അനുമോദനച്ചടങ്ങ് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നില്ലെന്നും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനാണ് ഗവര്‍ണറെ വിളിച്ചതെന്നുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നത്. ബംഗളൂരു ദുരന്തത്തിന് പിന്നാലെ വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും രണ്ടുതട്ടിലാണുള്ളത്.