ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇൻ്റർസൊസൈറ്റി) യുടെ സമീപകാല റിപ്പോർട്ടിൽ, ജിഹാദിസ്റ്റ് ഫുലാനികൾ നൈജീരിയയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളായ അബിയ, എനുഗു, അനംബ്ര, എബോണി എന്നിവിടങ്ങളിൽ കുറഞ്ഞത് 950 സ്ഥലങ്ങൾ കൈവശപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട്ട്‌. ഈ സ്ഥലങ്ങൾ മേഖലയിലെ എണ്ണൂറിലധികം കമ്മ്യൂണിറ്റികളിലായി വ്യാപിച്ചുകിടക്കുന്നു. സോണിലെ 1,940 കമ്മ്യൂണിറ്റികളിൽ ഏകദേശം 40% ആളുകളും കൊള്ളക്കാരുടെയും തീവ്രാദികളുടെയും ഭീഷണിയാൽ ബുദ്ധിമുട്ടുകയാണ്.

റിപ്പോർട്ട് അനുസരിച്ച്, ഈ മേഖലയിലെ ജിഹാദിസ്റ്റ് ഫുലാനികളുടെ അധിനിവേശം അതിവേഗം വളർന്നു. 2015 ൽ, ഏകദേശം 10 ലൊക്കേഷനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ 2019 ഓഗസ്റ്റ് ആയപ്പോഴേക്കും അത് 139 ആയും 2020 ന്റെ ആദ്യപാദത്തിൽ 350 ആയും 2021 ഏപ്രിലിൽ 700 ആയും വർധിച്ചു. ജിഹാദികൾ ആളുകളെ തട്ടിക്കൊണ്ടുപോകാനും കൊല്ലാനും ഈ സ്ഥലങ്ങൾ ഉപയോഗിക്കുന്നു. അതിൽ, കൂടുതൽ ഭീഷണി നേരിടുന്നതും തട്ടിക്കൊണ്ടു പോകലിനും കൊല്ലപ്പെടലിനും ഇരകളാകുന്നതും ക്രൈസ്തവരാണ്.

ചില പരമ്പരാഗത അധികാരികളും സർക്കാർ ഉദ്യോഗസ്ഥരും ജിഹാദികളുടെ തുടർച്ചയായ ഭൂമി ഏറ്റെടുക്കലിനു കൂട്ടുനിൽക്കുന്നതായും റിപ്പോർട്ടിൽ ആരോപണമുണ്ട്. രഹസ്യവിഹിതം വഴി ഫുലാനി ഇടയന്മാർക്ക് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും സോണിലെ ഗവർണർമാർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും അത് അവകാശപ്പെടുന്നു. സാധാരണയായി, രാത്രികാലങ്ങളിൽ നടക്കുന്ന ജിഹാദികളുടെ ഓപ്പറേഷനുകളെക്കുറിച്ച് സുരക്ഷാസേനയ്ക്ക് ബോധ്യമുണ്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

നൈജീരിയയുടെ തെക്കുകിഴക്കൻ മേഖലയിൽ ജിഹാദിസ്റ്റ് ഫുലാനി ഇടയന്മാരുടെ വർധിച്ചുവരുന്ന ഭീഷണി നേരിടാൻ അടിയന്തര നടപടിയുടെ ആവശ്യകതയെ ഇൻ്റർസൊസൈറ്റി റിപ്പോർട്ട് എടുത്തുകാണിക്കുന്നു. പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും ഒത്താശയും ഗൂഢാലോചനയും സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. അതേസമയം, 2015 മുതൽ ഈ മേഖലയിൽ ഇരുപതിനായിരത്തിലധികം ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് സ്ഥിതിഗതികളുടെ ഗൗരവം ഊന്നിപ്പറയുന്നു.