വാഷിങ്ടൺ: ഇലോൺ മസ്കിന് നൽകിയിരിക്കുന്ന സർക്കാർ സബ്സിഡികളും കരാറുകളും റദ്ദാക്കുമെന്ന യുഎസ് പ്രസിഡന്റിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഇലോൺ മസ്ക്. തന്റെ സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന പ്രസിഡന്റിന്റെ പ്രസ്താവനയുടെ വെളിച്ചത്തിൽ, സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ പേടകം ഉടൻ തന്നെ ഡീ കമ്മീഷൻ ചെയ്യാൻ ആരംഭിക്കുമെന്ന് മസ്ക് പറഞ്ഞു.
‘നമ്മുടെ ബജറ്റിൽ കോടിക്കണക്കിന് ഡോളർ ലാഭിക്കാനുള്ള എളുപ്പവഴി ഇലോണിന്റെ സർക്കാർ സബ്സിഡികളും കോൺട്രാക്ടുകളും ഒഴിവാക്കുകയാണ്. ബൈഡൻ അത് ചെയ്യാതിരുന്നതിൽ ഞാനെപ്പോഴും ആശ്ചര്യപ്പെട്ടിരുന്നു.’ എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.
അതിന് മറുപടിയായാണ് മസ്ക് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകത്തിന്റെ സേവനം നിർത്തലാക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്. നിലവിൽ ബഹിരാകാശ നിലയത്തിലേക്കുള്ള വിക്ഷേപണങ്ങൾക്കായി യുഎസ് ഭരണകൂടം ആശ്രയിക്കുന്നത് സ്പേസ് എക്സിനെയാണ്. നാസയ്ക്ക് ഇപ്പോൾ സ്വന്തമായി ബഹിരാകാശ പേടകങ്ങളില്ല. സ്പേസ് ഷട്ടിൽ പ്രോഗ്രാം അവസാനിപ്പിച്ചതിന് ശേഷം നാസ ബഹിരാകാശ നിലയത്തിലേക്ക് സ്വന്തം സഞ്ചാരികളെ അയക്കുന്നതിനായി ആശ്രയിച്ചത് റഷ്യൻ പേടകങ്ങളെ ആയിരുന്നു. അതിന് അവസാനമിട്ടത് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ പേടകം രംഗപ്രവേശം ചെയ്തതോടെയാണ്.
ബോയിങ്ങിനും ബഹിരാകാശ പേടകം നിർമിക്കാനുള്ള കരാർ നൽകിയിരുന്നു. എന്നാൽ ബോയിങ്ങിൻറെ സ്റ്റാർലൈനർ പേടകത്തിന് ഇതുവരെ പരീക്ഷണ വിക്ഷേപണങ്ങളിൽ പൂർണ വിജയം നേടാൻ സാധിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് കാലം മുതൽ ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കടുത്ത പിന്തുണ നൽകിയിരുന്ന ഇലോൺ മസ്ക് ഇപ്പോൾ അദ്ദേഹവുമായി തെറ്റിയിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിന്റെ സ്വന്തം സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യൽ വഴിയും മസ്ക് തന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലൂടെയും പരസ്പരം വിമർശിക്കുകയും വെല്ലുവിളിക്കുകയും കളിയാക്കുകയും ചെയ്യുന്ന പോസ്റ്റുകൾ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് എഫിഷ്യൻസിയുടെ ചുമതലയൊഴിഞ്ഞതിന് പിന്നാലെ മസ്ക് യുഎസ് ബജറ്റ് ബില്ലിനെ വിമർശിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതാണ് ട്രപിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ, ഉറ്റസുഹൃത്തും ഉപദേഷ്ടാവുമായ ഇലോൺ മസ്കുമായുള്ള തന്റെ ബന്ധം നല്ല രീതിയിൽ പോകുമെന്ന് കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.