സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അണ്ണാമലൈ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. ചിദംബരം സ്വദേശിയും അസിസ്റ്റന്റ് പ്രൊഫസറുമായ ജെ. രാജയാണ് അറസ്റ്റിലായത്.

നാമക്കൽ സ്വദേശിനിയായ ഒരു മുൻ വിദ്യാർത്ഥിനിയാണ് പ്രൊഫസർ രാജക്കെതിരെ പരാതി നൽകിയിരിക്കുന്നത്. 2018 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ താൻ അണ്ണാമലൈ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ സംഭവിച്ച കാര്യങ്ങളാണ് പരാതിയിൽ ഉൾപ്പെടുന്നത്. രാജ, തന്റെ വിദ്യാർത്ഥിയായിരുന്ന പരാതിക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്നും, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അക്കാലത്ത് പീഡിപ്പിച്ചുവെന്നും വിദ്യാർത്ഥിനി കടലൂർ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. ഏതാനും മാസം മുൻപ് ഇയാൾ വീണ്ടും ദൃശ്യങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥിനി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.