ധാക്ക: ബംഗ്ലാദേശ് കറൻസി നോട്ടിൽനിന്ന് രാഷ്ട്രപിതാവും മുൻപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബ് റഹ്മാൻ പുറത്തായി. ജൂൺ ഒന്ന് മുതലാണ് ബംഗ്ലാദേശിൽ പുതിയ കറൻസി നോട്ടുകൾ പ്രാബല്യത്തിൽ വന്നത്. രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവ് കൂടിയാണ് മുജീബുറഹ്മാൻ. രാജ്യത്തെ എല്ലാ കറൻസി നോട്ടുകളിലും മുജീബുറഹ്മാൻ ഇടംപിടിച്ചിരുന്നു. ഹസീനയുടെ പുറത്താക്കലിനും രാഷ്ട്രീയ പ്രതിസന്ധികൾക്കും പിന്നാലെ കഴിഞ്ഞ വർഷമാണ് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകൾ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര കൊട്ടാരങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ കറൻസിയുടെ ഡിസൈൻ.

‘പുതിയ സീരീസിലും രൂപകൽപ്പനയിലുമുള്ള നോട്ടുകളിൽ മനുഷ്യരുടെ ചിത്രങ്ങൾ ഉണ്ടാകില്ല, പകരം പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉൾപ്പെടുത്തുക’ ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹൊസൈൻ ഖാൻ പറഞ്ഞു.

കറൻസി നോട്ടുകളിൽ ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങൾ, അന്തരിച്ച ചിത്രകാരൻ സൈനുൽ ആബിദീന്റെ കലാസൃഷ്ടികൾ, കൂടാതെ 1971-ലെ വിമോചന യുദ്ധത്തിൽ മരിച്ചവരെ ആദരിക്കുന്ന ദേശീയ രക്തസാക്ഷി സ്മാരകം എന്നിവയുടെ ചിത്രങ്ങൾ ഉൾപ്പെടുമെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.