സൈനികർക്ക് വേണ്ടി മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് നിർമിക്കാനുള്ള പദ്ധതിയുമായി മെറ്റ. ഇതിന്റെ ഭാഗമായി ഡിഫൻസ് സാങ്കേതിക വിദ്യാ സ്റ്റാർട്ടപ്പായ ആൻഡുറിലുമായി മെറ്റ പങ്കാളിത്തം പ്രഖ്യാപിച്ചു. ഓഗ്മെന്റഡ് റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുള്ള കണ്ണടകൾ, ഗോഗിൾ, വൈസർ പോലുള്ളവ നിർമിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. ആൻഡുറിലിന്റെ ഡേറ്റ അനലറ്റിക്സ് പ്ലാറ്റ്ഫോമായ ലാറ്റിസും ഇതിനായി ഉപയോഗപ്പെടുത്തും. 

ഭാവിയിലെ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി എഐ, എആർ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദമായി മെറ്റ ചിലവഴിച്ചു. ഈ സാങ്കേതിക വിദ്യകളെ വിദേശത്തും സ്വദേശത്തും ഞങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന അമേരിക്കൻ സൈനികർക്ക് എത്തിക്കുന്നതിനായി ആൻഡുറിലുമായി പങ്കാളിത്തത്തിൽ ഏർപെടുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. മാർക്ക് സക്കർബർഗ് പറഞ്ഞു. 

2017 ൽ ഫേസ്ബുക്കിൽ നിന്ന് പുറത്താക്കപ്പെട്ട പാൽമർ ലക്കീയാണ് ആൻഡുറിലിന്റെ സ്ഥാപകൻ എന്നത് ശ്രദ്ധേയമാണ്. മെറ്റയുടെ കീഴിലുള്ള വിർച്വൽ റിയാലിറ്റി സ്റ്റാർട്ടപ്പായ ഒക്യുലസിന്റെ സഹസ്ഥാപകരിൽ ഒരാൾ കൂടിയാണ് പാൽമർ ലക്കീ. 2014 ലാണ് അന്നത്തെ ഫേസ്ബുക്ക് ഒക്യുലസിനെ ഏറ്റെടുത്തത്.

വീണ്ടും മെറ്റയ്ക്കൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആൻഡുറിൽ സ്ഥാപകൻ പാൽമർ ലക്കീ പറഞ്ഞു.

ഒക്യുലസ് വിർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഒരു കേസിൽ ഫേസ്ബുക്കിന് ശക്തമായ തിരിച്ചടി നേരിടുകയും ഇതിന് പിന്നാലെ 2014 ലെ യുഎസ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി മീമുകൾ പ്രചരിപ്പിച്ച ഒരു ഓൺലൈൻ ട്രോൾ ഗ്രൂപ്പിനെ രഹസ്യമായി സഹായിച്ചതിന് വിമർശനം നേരിടുകയും ചെയ്തതിന് പിന്നാലെയാണ് ലക്കീ ഫേസ്ബുക്കിൽ നിന്ന് പുറത്താക്കപ്പെടുന്നത്.

2014 ലെ തിരഞ്ഞെടുപ്പിൽ സിലിക്കൺ വാലിയിൽ ട്രംപിനെ പരസ്യമായി പിന്തുണ നൽകുന്ന സ്ഥാപനങ്ങൾ വിരളമായിരുന്നു. അന്ന് പാൽമർ ലക്കി ട്രംപിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്ന് കമ്പനിയിലെ ഒരു വിഭാഗം പ്രതിഷേധിക്കുകയും ചെയ്തു. 

ഇന്ന് മെറ്റയുൾപ്പടെയുള്ള സിലിക്കൺ വാലിയിലെ പ്രമുഖ കമ്പനികളെല്ലാം ഡൊണാൾഡ് ട്രംപിന് വഴങ്ങുന്ന നിലപാടുകൾ സ്വീകരിച്ചുവരികയാണ്. 

ഫേസ്ബുക്ക് വിട്ടതിന് ശേഷമാണ് ലക്കിയും മറ്റ് പങ്കാളികളും ചേർന്ന് കാലിഫോർണിയ ആസ്ഥാനമാക്കി ആൻഡുറിൽ ആരംഭിക്കുന്നത്. യുദ്ധ രംഗത്ത് തീരുമാനങ്ങളെടുക്കുന്നതിന് സഹായിക്കുന്ന വിവരങ്ങൾ തത്സമയം സംയോജിപ്പിക്കാൻ ശേഷിയുള്ളതാണ് ആൻഡുറിലിന്റെ ലാറ്റിസ് സോഫ്റ്റ്വെയർ.