കൊല്ലം കാവനാട് ശർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച കുടുംബത്തിലെ യുവതി മരിച്ചു. കാവനാട് മണിയത്തുമുക്ക് സ്വദേശി ദീപ്‌തി (45) ആണ് മരിച്ചത്. സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ്. ദീപ്ത‌ി പ്രഭയുടെ ഭർത്താവ് ശ്യാംകുമാറും മകൻ അർജുനും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

ഭക്ഷ്യസുരക്ഷാ വിഭാഗം ആശുപത്രിയിൽ എത്തി കുടുംബത്തിൽ നിന്നും വിവരങ്ങൾ തേടി. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന കാര്യത്തിലടക്കം വ്യക്തതയില്ല. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു എന്ന് പറയുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്‌തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.