ന്യൂഡൽഹി: പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലുമായി 26 സ്ഥലങ്ങളിൽ പാക് ഡ്രോണുകൾ കണ്ടെത്തിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ജമ്മു കശ്മീരിലെ ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, പഞ്ചാബിലെ ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക്ക, രാജസ്ഥാനിലെ ലാൽഗഡ് ജട്ട, ജയ്സാൽമർ, ബാർമർ, ഗുജറാത്തിലെ ഭുജ്, കുവാർബെറ്റ്, ലഖി നാല തുടങ്ങിയ സ്ഥലങ്ങളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്. സായുധ ഡ്രോണുകൾ അടക്കം ഇവയിൽ ഉൾപ്പെടുന്നതായും പ്രതിരോധ മന്ത്രാലയം എക്സിലൂടെ അറിയിച്ചു.
ഫിറോസ്പൂരിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകുകയും സുരക്ഷാ സേന പ്രദേശം അണുവിമുക്തമാക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ സൈന്യം അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എല്ലാ വ്യോമ ഭീഷണികളെയും നിരീക്ഷിക്കുകയും കൗണ്ടർ – ഡ്രോൺ സംവിധാനങ്ങൾ ഉപയോഗിച്ച് ഇടപെടുകയും ചെയ്യുന്നുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മവും നിരന്തരവുമായ നിരീക്ഷണത്തിലാണ്. ആവശ്യമുള്ളടത്തെല്ലാം ഉടനടി നടപടി സ്വീകരിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം അതിർത്തി പ്രദേശങ്ങളിലെ പൗരന്മാർ വീടിനുള്ളിൽ തന്നെ തുടരണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും പ്രതിരോധ മന്ത്രാലയം നിർദേശിച്ചു. പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം. പരിഭ്രാന്തിയുടെ ആവശ്യമില്ലെങ്കിലും ജാഗ്രതയും മുൻകരുതലും അത്യാവശ്യമാണെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ദിവസം മിസൈലും ഡ്രോണും ഉപയോഗിച്ച് ഇന്ത്യൻ നഗരങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട പാകിസ്താന് കനത്ത തിരിച്ചടി നൽകിയതായി വിദേശകാര്യ പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ 36 ഇടങ്ങൾ ലക്ഷ്യമിട്ട് 300 മുതൽ 400 വരെ ഡ്രോണുകളാണ് പാകിസ്താൻ വിന്യസിച്ചത്. നിരവധി ഡ്രോണുകൾ ഇന്ത്യ വെടിവെച്ചിട്ടു. തുടർന്ന് ഇവയെ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം പാകിസ്താൻ ഉപയോഗിച്ചത് തുർക്കി നിർമിത ഡ്രോണുകളാണെന്ന് ഇന്ത്യ കണ്ടെത്തി. ഭത്തിൻഡയിലെ സൈനിക കേന്ദ്രം ആക്രമിക്കാൻ ശ്രമിച്ചുവെന്നും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു ഇത് ചെറുത്തുവെന്നും ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരിച്ചടി ഭയന്ന് സിവിൽ വ്യോമമേഖല അടയ്ക്കാതെയാണ് പാകിസ്താൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി .



