മുംബൈ: രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യൻ താരം വിരാട് കോലി. അടുത്തമാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തയാറാണെന്ന് വിരാട് കോലി ബിസിസിഐയെ അറിയിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോലിയോട് തീരുമാനം പുന:പരിശോധിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം.

എന്നാല്‍ കോലി തന്‍റെ തീരുമാനം പുന:പരിശോധിക്കാമെന്ന ഉറപ്പൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടന്ന ഓസട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വിരാട് കോലിയെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറി നേടി മികച്ച തുടക്കമിട്ടെങ്കിലും പിന്നീട് കോലിയില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനങ്ങളൊന്നും വന്നില്ല. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച കോലിക്ക് ആകെ 190 റൺസ് മാത്രമാണ് നേടാനായത്.