പട്ന: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരായ ഇന്ത്യയുടെ’ സൈനിക നീക്കം നടന്ന ദിവസം പിറന്ന കുഞ്ഞുങ്ങൾക്ക് രാജ്യത്തിൻ്റെ അഭിമാന പേരിട്ട് മാതാപിതാക്കൾ. ബിഹാറിലെ മുസാഫർപുർ ജില്ലയിൽ ഇതേ ദിവസം പിറന്ന 12 കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ ‘സിന്ദൂർ’ എന്ന് പേരിട്ടു. കൈതാർ ജില്ലയിൽ പിറന്ന പെൺകുട്ടിക്ക് ‘സിന്ദൂരി’ എന്നും പേരിട്ടു. പഹൽഗാമിൽ പൊലിഞ്ഞ 26 ജീവനുകൾക്ക് കണക്കുതീർത്ത ഇന്ത്യൻ നടപടിയിൽ അഭിമാനമുൾക്കൊണ്ടാണ് മാതാപിതാക്കൾ തങ്ങളുടെ കൺമണികൾക്ക് സിന്ദൂർ എന്നും സിന്ദൂരി എന്നും പേരിട്ടത്.

കൈതാറിലെ രാഖി കുമാരി – സന്തോഷ് മണ്ഡൽ ദമ്പതികളാണ് തങ്ങൾക്ക് പിറന്ന പെൺകുഞ്ഞിന് സിന്ദൂരി എന്ന് പേരിട്ടത്. സിന്ദൂരി എന്ന പേര് ദേശസ്നേഹത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്നതായും ഇത് രാഷ്ട്രത്തോടുള്ള തങ്ങളുടെ ആദരമാണെന്നും സന്തോഷ് പറഞ്ഞു. ‘ഓപ്പറേഷൻ സിന്ദൂർ’ നടന്ന അതേ സമയത്തായിരുന്നു സിന്ദൂരിയുടെ ജനനം. സിന്ദൂരിയെ വളർത്തി യൂണിഫോം അണിയിപ്പിച്ചു രാജ്യസേവനത്തിന് വിടാനാണ് അമ്മ രാഖിയുടെ ആഗ്രഹം.

മുസാഫർപുരിലെ സ്വകാര്യ ആശുപത്രിയിൽ പിറന്ന സീതാമർഹിയിലെ ബെൽസാന്ദ് സ്വദേശി വന്ദന ദേവിയുടെ കൊച്ചുമകന് സിന്ദൂർ എന്നാണ് പേരിട്ടത്. മകൻ ജ്വല്ലറി ഉടമയാണെങ്കിലും കൊച്ചുമകനെ കരസേനയിൽ ചേർക്കുമെന്ന് പിറന്നയുടനെ വന്ദന ദേവി തീരുമാനിച്ചു. ഈസ്റ്റ് ചമ്പാരനിലെ ഫെൻഹാറിലുള്ള അനികേത് കുമാറും സിന്ദൂർ എന്നുതന്നെ മകന് പേരിട്ടു. ഭീകരതയ്ക്കെതിരായ സൈനിക നീക്കം തൻ്റെ ഹൃദയത്തിൽ അഭിമാനം നിറച്ചുവെന്ന് ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ അനികേത് കുമാർ പറഞ്ഞു.

മുസാഫർപുരിലെ ബോചഹ ബ്ലോക്കിലുള്ള ഹിമാൻഷു രാജും സിന്ദൂർ എന്ന പേരാണ് തൻ്റെ മരുമകൾക്കും നിർദേശിച്ചത്. ഇന്ത്യ വ്യോമാക്രമണം നടത്തിയ രാത്രിയിലായിരുന്നു സിന്ദൂറിൻ്റെ ജനനം. ആക്രമണ ദൃശ്യങ്ങൾ തങ്ങളെ അഭിമാനഭരിതരാക്കിയെന്നും കുടുംബം എല്ലാവർഷവും അവളുടെ ജന്മദിനവും ഓപ്പറേഷൻ സിന്ദൂറും ആഘോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസാഫർപുരിലെ പരൂ ബ്ലോക്കിലുള്ള ജാഫർപുർ ഗ്രാമത്തിലെ പവൻ സോണിയും തനിക്ക് ജനിച്ച ആൺകുട്ടിക്ക് സിന്ദൂർ എന്നുതന്നെയാണ് പേരിട്ടത്. അഭിമാനകരമായ ഓപ്പറേഷനാണ് ഇന്ത്യ നടത്തിയതെന്നും പാകിസ്താനിൽ നടത്തിയ ആക്രമണം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സിന്ദൂരിനെ കരസേനയുടെ ഭാഗമാക്കാനാണ് പവൻ സോണിയുടെയും ആഗ്രഹം. മുസാഫർപുരിലെ സ്വകാര്യ ആശുപത്രിയിലെ നിയോനാറ്റോളജിസ്റ്റായ ഡോ. സിദ്ധാർഥും ഇതേ മാതൃക പിന്തുടർന്നു. പഹൽഗാമിന് ചുട്ട മറുപടിയായി ഇന്ത്യ നടത്തിയ നീക്കം വളരെയധികം അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം കൂടിച്ചേർത്തു.