ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്വീകരിച്ചു. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ‘ബാഹ്യ സ്വാധീനം’ ബാധിച്ചിട്ടില്ലെന്നും ഇത് വികസിക്കുന്നത് തുടരുമെന്നും ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ക്രെംലിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുടിൻ ഇന്ന് രാവിലെ പ്രധാനമന്ത്രി മോദിയെ വിളിച്ച് പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് റഷ്യയുടെ പൂർണ പിന്തുണ അദ്ദേഹം അറിയിച്ചു.
“പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഹീനമായ ആക്രമണത്തിന്റെ കുറ്റവാളികളെയും അവരുടെ പിന്തുണക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു”, പുടിനും മോദിയും വിളിച്ചതിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പങ്കുവെച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രന്ധി ജയ്‌സ്വാൾ എക്സിൽ പറഞ്ഞു.



