തിരുവനന്തപുരം: പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്‌എ‌ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴ് വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലം വിളക്കുടി സ്വദേശിനി ഹബീറയുടെ മകൾ നിയ ഫൈസലിന് കഴിഞ്ഞ മാസം എട്ടാം തീയതിയാണ് നായയുടെ കടിയേറ്റത്. കുട്ടികൾക്ക് നായ്ക്കളുടെ കടിയേൽക്കുന്നതും പേവിഷ ബാധയേൽക്കുന്നതും കേരളത്തിൽ സാധാരണമായിരിക്കുകയാണ്. എന്തുകൊണ്ടാണ് പേവിഷ ബാധ കുട്ടികളിൽ കൂടുതലാകുന്നത്. ഇതിനുത്തരം നൽകുകയാണ് നിയ ഫൈസലിനെ ഇപ്പോൾ ചികിത്സിച്ചു കൊണ്ടിരിക്കുന്ന എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു.

കുട്ടികൾക്ക് ഉയരം കുറവായതിനാൽ ശരീരത്തിന്റെ മുകൾ ഭാഗത്തു തന്നെ കടിയേൽക്കും. പലപ്പോഴും തലയിൽ തന്നെ കടിയേൽക്കാനും സാധ്യത കൂടുതലാണ്. ഇന്ന് രാവിലെ കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡോ. എസ് ബിന്ദു പറഞ്ഞു. അമ്മയോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, കടിയേറ്റാൽ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്നു എന്നാണെന്നും ഡോക്ടർ അറിയിച്ചു. കടിയേറ്റ ഉടനെ മുറിവ് സോപ്പിട്ട് നന്നായി കഴുകിയിരുന്നു. ശേഷം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്സിൻ എടുക്കുകയും ചെയ്തു. ഇമ്യൂണോഗ്ലോബുലിൻ വാക്സിനും എടുത്തിട്ടുണ്ട്. ഇത് താലൂക്ക് ആശുപത്രിയിൽ നിന്നാണ് എടുത്തത്.

കുട്ടികൾക്ക് കടിയേറ്റാൽ അപായ സാധ്യത കൂടുതലാകാനുള്ള കാരണവും ഡോക്ടർ ബിന്ദു വിശദീകരിച്ചു: “നിങ്ങൾക്കറിയാമല്ലോ, കുട്ടികൾക്ക് ഉയരം കുറവാണ്. ഇക്കാരണത്താൽ അവരുടെ ശരീരത്തിന്റെ മുകൾഭാഗത്തു തന്നെ കടിയേൽക്കാൻ സാധ്യതയുണ്ട്. അവരുടെ തലഭാഗം, കൈ തുടങ്ങിയ അപ്പർ‌ പാർട്ട് ഓഫ് ബോഡിയിൽ കടിയേൽക്കാൻ എളുപ്പമാണ്. കടിക്കുന്ന സമത്ത് നായയുടെ പല്ലുകൾ നേരിട്ട് ഞരമ്പിൽ പറ്റുകയാണെങ്കിൽ വൈറസ് നേരിട്ട് ഞരമ്പിലൂടെ അപ്പോൾ തന്നെ സഞ്ചരിച്ചു തുടങ്ങും. അങ്ങനത്തെ ഒരു സാഹചര്യത്തിൽ വാക്സിൻ എത്രത്തോളം സംരക്ഷണം നൽകുമെന്ന് പറയാനാകില്ല. ഇപ്പോൾ ചികിത്സയിലുള്ള കുട്ടിക്ക് കൈയിലാണ് കടിയേറ്റത്. അത് അപ്പർ ബോഡിയാണ്. കുട്ടിക്ക് ഏറ്റ പരിക്ക് ആഴമുള്ളതുമായിരുന്നു.”