കൊച്ചി: തിരുവാങ്കുളം ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം. തിരുവാങ്കുളം ബൈപാസിനായുള്ള നടപടികൾ വേഗത്തിലാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. അപകട സാധ്യത കുറക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അനൂപ് ജേക്കബ് എംഎൽഎയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
തിരുവാങ്കുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ബൈപാസ് റോഡ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും കൊച്ചി – സേലം ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിച്ചത് കൊണ്ട് പ്രതിസന്ധിയിലാകുകയായിരുന്നു. ഇതിന് പരിഹാരം എന്നോണമാണ് കൂടുതൽ സ്ഥലം ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
കൂടുതൽ സ്ഥലം കണ്ടെത്താൻ തൃപ്പൂണിത്തുറ നഗരസഭാ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെയ് ആറിന് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ചുമതലയുള്ള കെആർബിഎഫിൻ്റെ സർവേയർ, റവന്യൂ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തും.
പൈപ്പ്ലൈനിൽ വലിയ വളവുകളും മറ്റു തടസങ്ങളും ഉള്ള ഭാഗങ്ങളിലാണ് പ്രധാനമായും സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തയ്യാറാക്കിയ പ്ലാൻ പരിഷ്കരിച്ച് പുതിയത് വരച്ച് അധികൃതർക്ക് നൽകിയിട്ടുണ്ടെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.



