കൊച്ചി: തൃപ്പൂണിത്തുറയിൽനിന്ന് ഇൻഫോപാർക്കിലേക്ക് ഫീഡർ ബസ് സർവീസ് ആരംഭിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഒരുങ്ങുന്നു. കെഎംആർഎൽ പുതിയതായി വാങ്ങിയ 15 ഇലക്ട്രിക് ബസുകളും ഫീഡർ സർവീസുകൾക്ക് ഉപയോഗിച്ചതിനാൽ സ്വകാര്യ വാഹനങ്ങൾക്ക് ഫീഡർ സർവീസ് ലൈസൻസ് നൽകി ഈ റൂട്ടിൽ ഓടിക്കാനാണ് കെഎംആർഎല്ലിൻ്റെ നീക്കം. ഇതിനുവേണ്ടിയുള്ള അപേക്ഷകൾ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കെഎംആർഎൽ ക്ഷണിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കോട്ടയം അടക്കം വിവിധയിടങ്ങളിൽനിന്ന് ട്രെയിൻ മാർഗം തൃപ്പൂണിത്തുറയിൽ എത്തി ഇൻഫോപാർക്കിലേക്ക് എത്തുന്ന ടെക്കികൾക്ക് ഫീഡർ സർവീസ് ഉപകാരപ്പെടും. തൃപ്പൂണിത്തുറയിൽ നിന്ന് ഫീഡർ ബസ് സർവീസ് ആരംഭിക്കണമെന്ന് ടെക്കികളും നാട്ടുകാരും ആവശ്യം ഉയർത്തിയിരുന്നു. തൃപ്പൂണിത്തുറയിൽനിന്ന് പുറപ്പെടുന്ന ഫീഡർ ബസിന് കാക്കനാട്, ഇൻഫോപാർക്ക് ഫേസ് 1, ഫേസ് 2 എന്നിവിടങ്ങളിൽ മാത്രമാകും സ്റ്റോപ്പ് ഉണ്ടാകുക. ഫീഡർ സർവീസ് നടത്തിപ്പുകാർക്ക് അനുവദിക്കുന്ന ലൈസൻസിന് ആറു മാസമാകും കാലാവധി.
തൃപ്പൂണിത്തുറ – ഇൻഫോപാർക്ക് എസി ഫീഡർ സർവീസിന് 60 രൂപയാണ് ടിക്കറ്റ് നിരക്കായി കെഎംആർഎൽ നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആഴ്ചയിൽ ആറ് ദിവസം രാവിലെയും വൈകുന്നേരവും തിരക്കേറിയ മണിക്കൂറുകളിലാകും സർവീസ് ഉണ്ടാകുക. ഞായറാഴ്ച ദിവസം ഫീഡർ സർവീസ് ഉണ്ടാകില്ല. തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ രാത്രി ഒൻപതുമുതൽ രാവിലെ ഏഴുവരെ പരിമിതമായ പാർക്കിങ് സൗകര്യം കെഎംആർഎൽ അനുവദിക്കും. അതേസമയം വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം കെഎംആർഎൽ നൽകില്ല.
കെഎംആർഎൽ സ്വന്തമാക്കിയ 15 എസി ഇലക്ട്രിക് ബസുകൾ ജനുവരി 16 മുതൽ വിവിധ ഘട്ടങ്ങളിലായാണ് ഫീഡർ സർവീസ് ആരംഭിച്ചത്. 15ൽ 13 ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. രണ്ട് ബസുകൾ റിസർവ് ആയി ഉപയോഗിക്കുകയാണ്. ഏറ്റവും ഒടുവിൽ ഹൈക്കോർട്ട് – എംജി റോഡ് റൂട്ടിലാണ് ഫീഡർ ബസ് സർക്കുലർ സർവീസ് ആരംഭിച്ചത്. ആലുവ, കളമശേരി, ഇൻഫോപാർക്ക്, ഹൈക്കോർട്ട് റൂട്ടുകളിൽ പ്രതിദിനം 3102 ലേറെ പേർ ഇലക്ട്രിക് ബസിൽ യാത്ര ചെയ്യുന്നുണ്ട്. ഹൈക്കോർട്ട് – എംജി റോഡ് സർക്കുലർ റൂട്ടിൽ പ്രതിദിനം ശരാശരി 700ലധികം പേർ യാത്ര ചെയ്യുന്നുണ്ട്. അഞ്ച് കിലോമീറ്ററിന് 20 രൂപയാണ് ടിക്കറ്റ് നിരക്ക്.



