പി.കെ. ശ്രീമതി ടീച്ചർക്ക് പാർട്ടിയിൽ യാതൊരു വിലക്കുമില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ പ്രവർത്തിക്കുന്നതുപോലെ ശ്രീമതി ടീച്ചർക്ക് പ്രവർത്തിക്കാൻ സാധിക്കില്ല. മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് എന്ന നിലയിൽ വലിയ ഉത്തരവാദിത്തങ്ങൾ അവർക്കുണ്ട്. അതിനാൽ, ദേശീയ നേതൃത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
ആവശ്യമുള്ളപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു. ഈ കാര്യം പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു വാർത്ത മാധ്യമങ്ങളിൽ വന്നത് അത്ഭുതകരമാണെന്നും കെ.കെ. ശൈലജ പറഞ്ഞു.



