ദുബായ് : ഓർമ സാഹിത്യ വിഭാഗം ഫിലിം സൊസൈറ്റി ‘ആക്ഷൻ കട്ട് കട്ട് കട്ട് ‘ എന്ന പേരിൽ സിനിമ ചർച്ച സംഘടിപ്പിച്ചു. ഷെമീർ ടി പി പരിപാടിക്ക് സ്വാഗതം അറിയിച്ചു. പ്രശസ്ത ആർട്ടിസ്റ്റും ഷോർട് ഫിലിം സംവിധായകനുമായ നിസാർ ഇബ്രാഹിമും തിരക്കഥാകൃത്തും നോവലിസ്റ്റുമായ അസിയും പരിപാടിയിൽ അതിഥികളായെത്തി.
കശ്മീർ ഭീകരാക്രമണതിത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടി ആരംഭിച്ചത്. ഓർമ സെൻട്രൽ സാഹിത്യ വിഭാഗം കൺവീനർ അഡ്വ അപർണ അനുശോചന സന്ദേശം വായിച്ചു. മുൻ സെൻട്രൽ സാഹിത്യ വിഭാഗം കൺവീനർ ബാബുരാജ് മത സൗഹാർദ്ദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രതിലോമ രാഷ്ട്രീയ ശക്തികൾ എങ്ങനെയാണ് മനുഷ്യ വിരുദ്ധ ആശയ പ്രചരണത്തിന് വേണ്ടി സിനിമയെന്ന ശക്തമായ മാധ്യമത്തെ ഉപയോഗപ്പെടുത്തുന്നത് എന്നും അതിനെതിരായി ജാഗ്രത പുലർത്തേണ്ടതിനെ കുറിച്ചും പരിപാടിയിൽ പങ്കെടുത്തവർ സംസാരിച്ചു. പരിപാടിയിൽ ഷാജഹാൻ തറയിൽ മോഡറേറ്ററായി. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ പരിപാടിക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. സെൻട്രൽ സാഹിത്യ വിഭാഗം അംഗം ബിനേഷ് പരിപാടിക്ക് നന്ദിയും പറഞ്ഞു



