കാർലോ അക്കുത്തിസിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ഹൃദയത്തിന്റെ തിരുശേഷിപ്പ് അസീസിയിൽ നിന്ന് റോമിലേക്കു കൊണ്ടുപോകും. ഏപ്രിൽ 27 നാണ് വാഴ്ത്തപ്പെട്ട കാർലോയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നത്.
“സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ച് കാർലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുശേഷിപ്പുകളിലൊന്നായ ഹൃദയത്തിന്റെ തിരുശേഷിപ്പ് അൾത്താരയിൽ സമർപ്പിക്കും. തിരുശേഷിപ്പുകൾ വണങ്ങുന്നത് കത്തോലിക്കാ സഭയിലെ ഒരു പൈതൃക പാരമ്പര്യമാണ്” – അസീസിയിലെ ബിഷപ്പ് ഡൊമെനിക്കോ സൊറെന്റിനോ പങ്കുവച്ചു. വിശുദ്ധി അസാധാരണമായതോ, കഴിഞ്ഞ കാലഘട്ടത്തിന്റെയോ ഭാഗമല്ല, മറിച്ച് അത് എല്ലാവർക്കും – യുവാക്കൾക്കുപോലും പ്രാപ്യമായ ഒന്നാണെന്ന് കാർലോയുടെ ജീവിതം ഓർമ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2006 ൽ 15 വയസുള്ളപ്പോഴാണ് കാൻസർ ബാധിതനായി കാർലോ മരണമടയുന്നത്. ‘ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ’ എന്നറിയപ്പെടുന്ന കാർലോ, ദിവ്യകാരുണ്യത്തോട് വലിയ ആദരവ് പുലർത്തുകയും സുവിശേഷവത്കരണത്തിനായി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് അനേകരെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. 2020 ലാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.



