തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അതേസമയം ഇന്നുമുതൽ നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന വേനൽ മഴയിൽ ചെറിയ കുറവിനു സാധ്യതയുണ്ട്. കഴിഞ്ഞദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് എവിടെയും പ്രത്യേക അലേർട്ടുകളൊന്നുമില്ല.

കേന്ദ്ര കാലാവസ്ഥാ വകുപപ്പ് ഇന്ന് രാവിലെ നാല് മണിയ്ക്ക് നൽകിയ മുന്നറിയിപ്പ് പ്രകാരം. രാവിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും രാവിലെ സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. വരും മണിക്കൂറിനുള്ളിൽ സീസണിലെ ആദ്യ ന്യൂനമർദ്ദമായി ഇത് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പുണ്ട്. .

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

07 – 04 – 2025: ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

08 – 04 – 2025 മുതൽ 10 – 04 – 2025: വരെ: ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടർന്നാൽ ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിക്കും. ശക്തമായ കാറ്റും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയോ ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയോ ചെയ്യണം.