പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി പിഎസ്എസി. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സെന്‍ററുകൾ. 200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദ് ചെയ്യുകയായിരുന്നു. 

ആറ് മാസം കൂടുമ്പോഴാണ് വകുപ്പ്തല പരീക്ഷ നടത്തുന്നത്. ഇത്തവണ രണ്ട് വർഷം വൈകിയാണ് പരീക്ഷ നടത്തിയത്. പരീക്ഷ ഇനിയും വൈകുന്നതോടെ നിരവധി പേര്‍ക്ക് പ്രെമോഷന് സാധ്യത നഷ്ടപ്പെടും. ചോദ്യകര്‍ത്താക്കൾ നല്‍കിയ കവര്‍ അതേ പടി പ്രസിലേക്ക് പോയതാണ് കാരണമെന്ന് പിഎസ്എസി പ്രതികരിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവറാണ് അച്ചടിക്കാൻ കൊടുത്തത്. ഇത് അതേപടി പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കുകയായിരുന്നു. ചോദ്യങ്ങൾ മാത്രമാണ് പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കേണ്ടിയിരുന്നതെന്നും പിഎസ്‍സി വ്യക്തമാക്കുന്നു.