ഞായറാഴ്ച രാത്രിയിൽ റഷ്യ ഉക്രെയ്‌നിലുടനീളം നടത്തിയ ഡ്രോണുകളുടെ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ പ്രാദേശിക ഉദ്യോഗസ്ഥരും അടിയന്തര സേവനങ്ങളും അറിയിച്ചു.

സൗദി അറേബ്യയിൽ വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായാണ് തലസ്ഥാനമായ കൈവ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ആക്രമണങ്ങൾ ഉണ്ടായത്. ഊർജ്ജ സൗകര്യങ്ങളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ദീർഘദൂര ആക്രമണങ്ങൾ താൽക്കാലികമായി നിർത്തുന്നത് ചർച്ച ചെയ്യുന്നതിനായി ഉക്രെയ്നും റഷ്യയും തിങ്കളാഴ്ച യുഎസ് മധ്യസ്ഥതയിൽ പരോക്ഷ ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പരോക്ഷ ചർച്ചകൾക്ക് ഒരു ദിവസം മുമ്പ് ഉക്രേനിയൻ പ്രതിനിധി സംഘം സൗദി അറേബ്യയിൽ യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോൾഡോയ്മർ സെലെൻസ്‌കി പറഞ്ഞു. ഭാഗിക വെടിനിർത്തലിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ സാങ്കേതിക സംഘങ്ങളെ അയയ്ക്കാൻ ഉക്രെയ്ൻ പദ്ധതിയിടുന്നു.