ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍മാരുടെ സംഘടനയായ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ വാര്‍ഷിക യോഗം ഡല്‍ഹിയിലെ ന്യൂ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ കമ്യൂണിക്കേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗില്‍ നടത്തി. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഷികയോഗത്തിനു മുന്നോടിയായി നടന്ന ദിവ്യബലിയില്‍ സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് അനില്‍ കുട്ടോ മുഖ്യ കാര്‍മികത്വം വഹിച്ചു. വൈസ് പ്രസിഡന്റ് ബിഷപ് ജോസഫ് മാര്‍ തോമസ് വചനസന്ദേശം നല്‍കി. സിബിസിഐയുടെ ഇന്ത്യയിലെ വിവിധ മേഖലകളില്‍നിന്നുള്ള ഡെപ്യൂട്ടി സെക്രട്ടറിമാരും വിവിധ പ്രദേശങ്ങളില്‍നിന്നുള്ള കൗണ്‍സില്‍ അംഗങ്ങളും സെക്രട്ടറിമാരുമാണ് വാര്‍ഷിക യോഗത്തില്‍ സംബന്ധിച്ചത്.
ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന ജൂബിലി വര്‍ഷത്തിലും തുടര്‍ന്നും ഐക്യ ക്രൈസ്തവ സാക്ഷ്യത്തിനായി സിബിസിഐയുടെ പുനര്‍ ശാക്തീകരണമെന്നതായിരുന്നു വാര്‍ഷിക പൊതുയോഗത്തിന്റെ വിഷയം. കഴിഞ്ഞ 80 വര്‍ഷത്തെ സിബിസിഐയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. മാത്യു കോയിക്കല്‍ വിശദീകരിച്ചു. കഴിഞ്ഞുപോയ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വശക്തനായ ദൈവത്തോട് അംഗങ്ങള്‍ നന്ദിയര്‍പ്പിച്ചു. മുന്‍കാലങ്ങളില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും പൂര്‍ത്തിയാക്കിയ ദൗത്യങ്ങളും യോഗം വിലയിരുത്തി. അതോടൊപ്പം 2033 വരെയുള്ള പദ്ധതികളും തയാറാക്കി.
യേശുവിന്റെ പീഡാനുഭവങ്ങളും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്ന ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് അതിനനുസൃതമായ പദ്ധതികളാണ് വാര്‍ഷികയോഗം തയാറാക്കിയിരിക്കുന്നത്. സാമൂഹിക നീതിയുടെ പ്രോത്സാഹനം, മാനുഷിക അന്തസ് ഉയര്‍ത്തിപ്പിടിക്കല്‍, ഇന്ത്യയിലുടനീളം വിദ്യാഭ്യാസപരവും അജപാലനപരവുമായ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം എന്നിവയാണ് സിബിസിഐ ലക്ഷ്യമിടുന്നത്. വിശ്വാസം, പ്രത്യാശ, സിനഡാലിറ്റി എന്നിവയിലൂന്നി, ക്രിസ്തീയ മൂല്യങ്ങളും സേവനവും ഉറപ്പാക്കി സമൂഹത്തില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയാണ് സിബിസിഐയുടെ ലക്ഷ്യം.



