അഡ്വ. യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎൽഎ നൽകിയ പരാതിയിലാണ് അസി.എക്സൈസ് കമ്മീഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ.
പ്രതിഭയുടെ മകനടക്കം 7 പേർക്കെതിരെ കേസ് നില നിൽക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരെ മാത്രമേ കേസ് നില നിൽക്കൂ. പ്രതിഭയുടെ മകൻ കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. ഉദ്യോഗസ്ഥരും കണ്ടിട്ടില്ല. ശ്വാസത്തിൽ നിന്ന് കഞ്ചാവിൻ്റെ ഗന്ധം വന്നുവെന്ന് മാത്രമാണ് പറയുന്നത്. 7 പേർക്കെതിരെ കേസെടുക്കാൻ ഇത് മതിയാവില്ലെന്നും റിപ്പോർട്ടിലുണ്ട്. തീപ്പെട്ടിയോ കഞ്ചാവ് വലിച്ചതിൻ്റെ അവശിഷ്ടമോ കണ്ടെത്തിയിട്ടില്ല.
രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് കഞ്ചാവ് വലിച്ചോ എന്ന് പരിശോധിക്കേണ്ടിയിരുന്നു. ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടി എടുക്കേണ്ടത് എക്സൈസ് കമ്മീഷണറാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.



