പാർട്ടി എംപി ശശി തരൂരിൻ്റെ സമീപകാല പരാമർശങ്ങളെച്ചൊല്ലിയുള്ള തർക്കത്തിന് ശേഷം കേരളത്തിലെ കോൺഗ്രസിൽ കോലാഹലങ്ങൾ തുടരുകയാണ്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം വെള്ളിയാഴ്ച ഡൽഹിയിൽ എല്ലാ നേതാക്കളുടേയും യോഗം ചേർന്നിരുന്നത്. യോഗത്തിൽ നേതാക്കൾക്ക് കർശനമായ മുന്നറിയിപ്പാണ് നേതൃത്വം നൽകിയിട്ടുള്ളത്. പാർട്ടിയുടെ നിലപാടിൽ നിന്ന് വ്യതിചലിക്കുന്ന പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മറ്റ് മുതിർന്ന അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിലെ ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു
“രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ച് നേതാക്കൾ വളരെ ശ്രദ്ധാലുവായിരിക്കണമെന്നും പാർട്ടി ലൈനിൽ ചേരാത്ത ഒന്നും പറയുകയോ ചെയ്യുകയോ ചെയ്യരുതെന്നും” യോഗത്തിൽ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.



