‘പാവങ്ങളുടെ ഡോക്ടര്‍’ എന്ന് വിളിക്കപ്പെടുന്ന ഡോ. ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് വെനസ്വേലയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധനാകും. അദ്ദേഹത്തെ വിശുദ്ധനായി വാഴിക്കാനുള്ള ഉത്തരവിന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൊവ്വാഴ്ച അംഗീകാരം നല്‍കി.

1919-ല്‍ അന്തരിച്ച ഡോ. ഹെര്‍ണാണ്ടസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള തിയതി നിശ്ചയിച്ചിട്ടില്ല. തിയതികള്‍ നിശ്ചയിക്കുന്നതിനായി കര്‍ദ്ദിനാള്‍മാരുടെ ഔപചാരിക യോഗം വിളിക്കാനും ഫ്രാന്‍സിസ് മാര്‍പ്പാപ്പ തീരുമാനിച്ചതായി വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘വെനസ്വേലന്‍ ജനത ഏറെ നാളായി കാത്തിരിക്കുന്ന ഈ ചരിത്രസംഭവം, മനുഷ്യരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിനും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം കൈമാറുന്നതിനും വേണ്ടി തന്റെ അസ്തിത്വം സമര്‍പ്പിച്ച ഒരു മനുഷ്യന്റെ മാതൃകാപരമായ ജീവിതത്തിന്റെയും വീരോചിതമായ സദ്ഗുണങ്ങളുടെയും അംഗീകാരമാണ്,” കാരക്കാസ് അതിരൂപത പ്രസ്താവനയില്‍ പറഞ്ഞു. 2017-ല്‍ തലയ്ക്ക് വെടിയേറ്റ ശേഷംപൂര്‍ണമായി സുഖം പ്രാപിച്ച പെണ്‍കുട്ടിയുടെ കാര്യത്തില്‍ സഭ അത്ഭുതം സാക്ഷ്യപ്പെടുത്തിയതിനെത്തുടര്‍ന്ന് 2021 ഏപ്രിലില്‍ ഹെര്‍ണാണ്ടസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.

1864 ഒക്ടോബര്‍ 26-ന് പടിഞ്ഞാറന്‍ വെനിസ്വേല പട്ടണമായ ഇസ്നോട്ടുവില്‍ ജനിച്ച ഹെര്‍ണാണ്ടസ്, 1888-ല്‍ ഡോക്ടറായി ബിരുദം നേടി. തെക്കേ അമേരിക്കന്‍ രാജ്യത്തെ ദുരിതത്തില്‍ നിന്ന് കരകയറ്റാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ശാസ്ത്രമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. 

പഠനത്തിനും പിന്നീട് ഒരു കത്തോലിക്കാ വൈദികനുമാകുന്നതിനുമായി അദ്ദേഹം യൂറോപ്പിലേക്ക് പോയി. എന്നാല്‍ ഇറ്റലിയിലെ തണുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ അദ്ദേഹത്തിന്റെ ദുര്‍ബലമായ ആരോഗ്യത്തെ ബാധിച്ചു. സുഖം പ്രാപിക്കാന്‍ അദ്ദേഹം വെനസ്വേലയിലേക്ക് മടങ്ങി.