വേമ്പനാട് കായല്‍ പുനരുജ്ജീവന, സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ കാമ്പയിനിൻ്റെ രണ്ടാം ഘട്ടത്തില്‍ 9235.5 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നീക്കിയതായി ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. കാമ്പയിനിൻ്റെ രണ്ടാം ഘട്ടമെന്ന നിലക്ക് വെള്ളിയാഴ്ച്ച ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് രാവിലെ 7 മണി മുതല്‍ ഓരേസമയം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. 

‘പ്ലാസ്റ്റിക് വിമുക്ത വേമ്പനാട്’ കാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം തൈക്കാട്ടുശ്ശേരി ഫെറിയില്‍ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണൻ നിർവഹിച്ചു. 

ജലാശയങ്ങളെ മലിനമാക്കുന്ന പ്രവർത്തികൾക്കെതിരെ നിലകൊള്ളേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാലിന്യ കുമ്പാരമായതോടെ നമ്മുടെ നാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. ഹൗസ് ബോട്ടുകളിൽ നിന്ന് പുഴയിലേക്ക് മാലിന്യം തള്ളുന്ന പ്രവണത തടയാൻ കർശന നടപടികൾ സ്വീകരിക്കണം. കായൽ സംരക്ഷിക്കാതെ മാലിന്യം തള്ളുന്ന പ്രവണത ഇനിയും തുടർന്നാൽ കിഴക്കിന്റെ വെനീസ് എന്ന ആലപ്പുഴയുടെ  വിശേഷണം ഉടൻ നഷ്ടമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കായൽ ശുചീകരണത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.