ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ഡീപ്സീക്കിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് പിന്നാലെ യുഎസിലെ പ്രധാന എഐ സ്ഥാപനങ്ങളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. പുറത്തിറക്കിയിട്ട് ഒരാഴ്ച മാത്രം ആയിട്ടുള്ള ഡീപ്സീക് ആപ്പ്, OpenAI യുടെ ChatGPT ഉൾപ്പെടെയുള്ള എതിരാളികളെ പിന്തള്ളി യുഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന സൗജന്യ ആപ്ലിക്കേഷനായി മാറിയിരുന്നു.

ഡീപ്സീക്കിന്റെ ഈ മുന്നേറ്റത്തോടെ AI ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ, മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയുൾപ്പെടെയുള്ള യുഎസ് ടെക് ഭീമൻമാരുടെയെല്ലാം ഓഹരികൾ ഇടിഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് അമേരിക്കൻ ആധിപത്യത്തിന്റെ ഭാവിയും യുഎസ് സ്ഥാപനങ്ങൾ ആസൂത്രണം ചെയ്യുന്ന വൻനിക്ഷേപങ്ങൾക്കും കനത്ത വെല്ലുവിളി ഉയർത്തുന്ന നീക്കമാണ് ചൈനീസ് സ്റ്റാർട്ടപ്പിൽനിന്നുണ്ടായിരിക്കുന്നത്. ഓപ്പൺ എഐ അടക്കമുള്ള എതിരാളികൾ മുടക്കിയതിനേക്കാൾ കുറഞ്ഞ നിക്ഷേപത്തിലാണ് ഡീപ്സീക്കിന്റെ ഈ വളർച്ചയെന്നതും അതിശയിപ്പിക്കുന്നതാണ്.

ഡീപ്സീക്-V3 മോഡൽ ഏകദേശം 6 മില്യൺ ഡോളറിന് വികസിപ്പിച്ചതാണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ ഇത് തെറ്റായ വാദമാണെന്നാണ് അമേരിക്കൻ കമ്പനികൾ പറയുന്നത്. AIയെ ശക്തിപ്പെടുത്തുന്ന നൂതന ചിപ്പ് സാങ്കേതികവിദ്യ ചൈനയ്ക്ക് വിൽക്കുന്നതിൽനിന്ന് കമ്പനികൾക്ക് യുഎസ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽകൂടിയാണ് ഡീപ്സീക്കിന്റെ ആവിർഭാവം.

ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐയുടേയും ഗൂഗിളിന്റേയും മെറ്റയുടേയും സാധ്യതകളെ മറികടക്കുന്ന തരത്തിലുള്ളതാണ് ഡീപ്സീക്കിന്റെ ലാർജ് ലാംഗ്വേജ് മോഡലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് ക്വാണ്ട് ഹെഡ് ഫണ്ട് മാനേജർ ലിയാങ് വെൻഫെങ്ങിന്റെ നേതൃത്വത്തിൽ ഉള്ള കമ്പനിയാണ് ഡീപ്സീക്.