തിന്മയുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നുവെന്നും ഭാവി ദൈവത്തിന്റേതാണെന്നും ഓർമപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ദൈവജനങ്ങൾക്കിടയിൽ വിശുദ്ധ ബൈബിൾ പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 2019 ൽ സ്ഥാപിച്ച ദൈവവചന ഞായറാഴ്ചയുടെ ആചരണദിനമായ ജനുവരി 26 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.
“ദൈവവചനം ഹൃദയത്തിലെത്തണം. അത് എപ്പോഴും നമ്മെ വിസ്മയിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നു.” ദൈവവചനത്തിന്റെ ശ്രേഷ്ഠതയെ അനുസ്മരിപ്പിച്ചുകൊണ്ട് മാർപാപ്പ ഓർമപ്പെടുത്തി. ദരിദ്രരെ സുവിശേഷം അറിയിക്കുവാനും ബന്ധിതരായവരെ മോചിപ്പിക്കാനും അന്ധർക്ക് കാഴ്ച നൽകാനും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം നൽകാനും കർത്താവിന് സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കാനുമായി എല്ലാവരെയും ഉൾക്കൊള്ളുന്ന മിശിഹായുടെ ദൗത്യത്തെ സാർവത്രിക ദൗത്യമായി സ്വീകരിച്ച് അനുവർത്തിക്കുവാനും മാർപാപ്പ അനുസ്മരിപ്പിച്ചിരുന്നു.
സുവിശേഷം എപ്പോഴും പോക്കറ്റിൽ കൊണ്ടുനടക്കാനും ഒഴിവുസമയങ്ങളിൽ കർത്താവുമായി സമ്പർക്കം പുലർത്താനും മാർപാപ്പ ഉപദേശിച്ചു.



