ന്യുയോർക്ക്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. കുടിയേറ്റം, ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കൂടിക്കാഴ്ചയിൽ ചർച്ചയായത്.
ഇന്ത്യയെ പങ്കാളി എന്നതിനു പകരം സഖ്യകക്ഷി എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. ഇത് ഡോണൾഡ് ട്രംപിന്റെ രണ്ടാമൂഴത്തിൽ ഇന്ത്യ – അമേരിക്ക ബന്ധം ഊഷ്മളമാകുമെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപ് അധികാരമേറ്റ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എസ്. ജയശങ്കർ പങ്കെടുത്തിരുന്നു. ശേഷം വാഷിംഗ്ടണിൽ നടന്ന ക്വാഡ് കൂട്ടായ്മയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും ജയശങ്കർ പങ്കെടുത്തു.
അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. ട്രംപ് ഈ വർഷം തന്നെ എത്തുന്നതിന്റെ സാധ്യത വർധിപ്പിച്ചുകൊണ്ട് അടുത്ത ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ നടക്കുമെന്നും യോഗം പ്രഖ്യാപിച്ചു.
എന്നാൽ ഇന്ത്യയെ സഖ്യകക്ഷി എന്ന് വിളിക്കുന്ന നിലയിലുള്ള സഹകരണത്തിനിടയിലും കുടിയേറ്റത്തെക്കുറിച്ചുള്ള ട്രംപിന്റെ കർശന നിലപാട് ആശങ്ക വർധിപ്പിക്കുന്നതാണ്. അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറ് ദിവസത്തിനുള്ളിൽ തന്നെ ട്രംപ് തിരിച്ചയ്ക്കാനുള്ള നടപടികൾ തുടങ്ങും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
20,000ത്തോളം ഇന്ത്യക്കാരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചാർട്ടേഡ് വിമാനങ്ങളിൽ ഇത്രയും ഇന്ത്യക്കാരെ തിരിച്ചയ്ക്കാൻ അമേരിക്ക തീരുമാനിച്ചാൽ കേന്ദ്രസർക്കാരിന് അത് വൻ വെല്ലുവിളിയാകും.
പരസ്പരം ചർച്ച നടത്തി മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്ന നിലപാട് അമേരിക്കയെ ഇന്ത്യ അറിയിച്ചതായാണ് സൂചന.



