പാലക്കാട് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറിയിൽ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷ ൻ കെ. സുരേന്ദ്രൻ. വിമത നീക്കം നടത്തുന്നവരുമായി ഒരു സമവായത്തിനും ഇല്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടിയുടെ ജില്ലാ അധ്യക്ഷൻമാരുടെ പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചതാണെന്നും ഇതിൽ ഒരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട്ടെ ബിജെപി ജില്ലാ അദ്ധ്യക്ഷനെ തീരുമാനിച്ചതില്‍ വിയോജിച്ചാണ് ഒരു വിഭാഗം നഗരസഭ കൗണ്‍സിലര്‍മാർ രാജി ഭീഷണി മുഴക്കിയിരുന്നത്. ദേശീയ നേതൃത്വം അംഗീകരിച്ച പട്ടികയെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
“ദേശീയ നേതൃത്വം തീരുമാനിച്ചവര്‍ തുടരും. അതിനെതിരെ പ്രതികരിക്കാന്‍ ആര്‍ക്കും കഴിയില്ല. എത്ര വലിയ ഉന്നതനാണ് എതിര്‍ക്കുന്നതെങ്കിലും കാര്യമാക്കില്ല.” കെ. സുരേന്ദ്രൻ പറഞ്ഞു. ഇതോടെ ബിജെപി പാലക്കാട് നഗര ജില്ലയിലെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രശാന്ത് ശിവന് തുടരുമെന്ന് ഉറപ്പായി. പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റ് ആക്കാനുള്ള തീരുമാനത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.



