വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിച്ച് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ.
യുവതിയുടെ ജീവനെടുത്ത കടുവയെ വെടിവെച്ചുകൊല്ലുമെന്ന് കുടുംബത്തിന് മന്ത്രി ഉറപ്പുനൽകി. ജനരോഷം കടുത്തതോടെ പ്രതിഷേധങ്ങൾക്കിടയിൽ കനത്ത സുരക്ഷ വലയത്തിലാണ് മന്ത്രിക്ക് രാധയുടെ വീട്ടിലേക്ക് പ്രവേശിക്കാനായത്.
കൊല്ലപ്പെട്ട രാധയുടെ മകന് താത്കാലിക സർക്കാർ ജോലിയുടെ നിയമന ഉത്തരവും മന്ത്രി കൈമാറി. ഫെബ്രുവരി ഒന്നിന് ജോലിയില്‍ പ്രവേശിപ്പിക്കും വിധമാണ് നിയമനം നല്‍കുക. കുടുംബത്തിനുള്ള ധനസഹായ തുകയില്‍ അഞ്ച് ലക്ഷം രൂപ ജനുവരി 29 ന് കൈമാറുമെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
ജനങ്ങളുടെ സമരത്തെ തള്ളിപ്പറയില്ലെന്നും രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. യു.ഡി.എഫിൻ്റെ യാത്ര രാഷ്ട്രീയ പ്രേരിതമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശവും അതു തന്നെയാണ്. നിയമോപദേശവും സാങ്കേതികതകളും പരിശോധിച്ച ശേഷമാണ് ഉത്തരവിട്ടതെന്നും ഇന്ത്യയിലാദ്യമായാണ് ഇത്തരം ഒരു ഉത്തരവെന്നും മന്ത്രി വ്യക്തമാക്കി. 29 ന് വീണ്ടും പഞ്ചാരക്കൊല്ലിയിലെത്തുമെന്നും മന്ത്രി കൂട്ടിചേർത്തു.



