വാളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരുക്ക്. വാളയാർ സ്വദേശി വിജയനാണ് പരുക്കേറ്റത്. ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം. കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്താനാണ് വിജയൻ ഇവിടെയെത്തിയത്. എന്നാൽ ഇതിനിടെ വിജയനെ കാട്ടാന തിരിച്ചോടിക്കുകയായിരുന്നു.

കാട്ടാന ഇറങ്ങിയതറി‌ഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ ഇവർ ആനയെ തുരത്തുന്നതിനിടയിൽ വിജയൻ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു എന്നാണ് വിവരം. വിജയന്‍റെ കാലിനും ഇടുപ്പിനുമാണ് ആനയുടെ ചവിട്ടേറ്റത്. തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം.